ഇനി ‘100’ൽ വിളിച്ചാലല്ല പൊലീസിനെ കിട്ടുക, ഫയ‍ർഫോഴ്സിനായി ‘101’ലും വിളിക്കേണ്ട; എല്ലാ സേവനങ്ങളും ഒറ്റ നമ്പറിൽ

news image
Mar 1, 2025, 4:00 pm GMT+0000 payyolionline.in

തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ  എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്.

കേരളത്തിൽ എവിടെ നിന്ന്  112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കോൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച്  സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്.

ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക്  അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്ന് പോലും 112 എന്ന നമ്പറിലേക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe