ലണ്ടൻ: പഹൽഗാം ഭീകരാക്രമണത്തിൽ പാക് ഹൈക്കമീഷന് മുമ്പിൽ പ്രതിഷേധിച്ച ഇന്ത്യൻ സമൂഹത്തിന് നേരെ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥന്റെ വധഭീഷണി. ലണ്ടനിലെ പാക് ഹൈക്കമീഷന് മുമ്പിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്ക് നേരെയാണ് ആർമി അറ്റാഷെ കേണൽ തൈമൂർ റാഹത്ത് കഴുത്തറുക്കുമെന്ന് ആംഗ്യം കാണിച്ചത്. പാക് സൈനിക ഉദ്യോഗസ്ഥന്റെ പ്രകോപനപരമായ ആംഗ്യം കാണിക്കലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രതിഷേധക്കാരുടെ മുദ്രാവാക്യം വിളികളെ പ്രതിരോധിക്കാനും പരിഹസിക്കാനും പാക് ഹൈക്കമീഷനിലെ ഉദ്യോഗസ്ഥർ ഉച്ചത്തിൽ പാട്ട് വെക്കുകയും ബഹളം വെക്കുകയും ചെയ്തു. പാകിസ്താൻ കശ്മീരികൾക്കൊപ്പമാണെന്ന് എഴുതിയ ബാനർ കെട്ടിടത്തിൽ കെട്ടിയിരുന്നു. ഇന്ത്യക്ക് കൈമാറിയ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാന്റെ ചിത്രം പതിച്ച ബോർഡ് സൈനിക ഉദ്യോഗസ്ഥന് ഉയർത്തി കാണിക്കുകയും ചെയ്തു.
ജനങ്ങൾ ദുഃഖത്തിലായിരിക്കുമ്പോൾ ഉച്ചത്തിൽ സംഗീതം വെച്ചതിലും പാക് സൈനിക ഉദ്യോഗസ്ഥരുടെ പ്രകോപനപരമായ പ്രവൃത്തിയിലും പ്രതിഷേധക്കാർ അപലപിച്ചു. നീതിക്ക് വേണ്ടിയുള്ള പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ഉച്ചത്തിൽ സംഗീതം വെച്ച പാക് അധികൃതരുടെ നടപടി അപമാനകരം. ലോകം ദുഃഖിപ്പിക്കുമ്പോൾ എംബസിയുടേത് മാന്യതയില്ലാത്ത നടപടിയാണ്. പാകിസ്താൻ പിന്തുണക്കുന്ന ഭീകരർ നടത്തിയ ആക്രമണത്തെ ആഗോളതലത്തിൽ അപലപിക്കുന്നുണ്ടെന്നും സംഘാടകർ ചൂണ്ടിക്കാട്ടി.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമീഷണറെ വിളിച്ചുവരുത്തി ഔദ്യോഗിക വിശദീകരണം തേടണമെന്ന് യു.കെ ഭരണകൂടത്തിനോട് ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു. കൊലപാതകങ്ങളെ പാകിസ്താൻ പരസ്യമായി അപലപിക്കണം, ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കണം, കുറ്റവാളികളെയും അവർക്ക് ധനസഹായം നൽകുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നയതന്ത്ര സമ്മർദ്ദം ചെലുത്തണമെന്നും ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു.
യു.കെയിലെ 500ഓളം വരുന്ന ഇന്ത്യൻ സമൂഹമാണ് 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ പാക് ഹൈക്കമീഷന് മുമ്പിൽ പ്രതിഷേധിച്ചത്. ഇന്ത്യൻ ദേശീയ പതാകയും ബാനറുകളും പ്ലക്കാർഡുകളും പിടിച്ചായിരുന്നു പ്രതിഷേധം. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
തെക്കൻ കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ സഞ്ചാരികൾക്ക് നേരെ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ പ്രദേശവാസി ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് ഭീകരാക്രമണത്തിൽ പരിക്കേറ്റിരുന്നു.
ഭീകരാക്രമണത്തെ തുടർന്നാണ് പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുന്നത് ഉപേക്ഷിക്കുന്നതു വരെയാണ് സിന്ധു നദീജല കരാർ റദ്ദാക്കുന്നത്.
പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽ നിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.