ഇന്ത്യക്കാര്‍ക്ക് യുഎഇയിൽ പ്രീ അപ്രൂവ്ഡ് ഓൺ അറൈവൽ വിസ ലഭ്യമാക്കാൻ പദ്ധതി; നിബന്ധനകള്‍ ഇങ്ങനെ

news image
Feb 3, 2024, 1:40 am GMT+0000 payyolionline.in

ദുബൈ: നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇന്ത്യക്കാർക്ക് യുഎഇയിൽ പ്രവേശിക്കാൻ പ്രീ അപ്രൂവ്‍ഡ് ഓൺ അറൈവൽ വിസ അനുവദിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് എമിറേറ്റ്സ്. തങ്ങളുടെ വിമാനങ്ങളിൽ യുഎഇയിൽ എത്തുന്നവര്‍ക്കാണ് ഇതിനുള്ള അവസരമെന്ന് കമ്പനി അറിയിച്ചു. ഒപ്പം മറ്റ് നിബന്ധനകളും പാലിക്കണം. 14 ദിവസത്തെ കാലാവധിയുള്ള സിംഗിൾ എന്‍ട്രി വിസയാണ് ലഭിക്കുക.

നേരത്തെ തന്നെ ദുബൈ അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ള വിസ ഓണ്‍ അറൈവൽ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക്  ഓൺ അറൈവൽ വിസ നേരത്തെ തന്നെ അംഗീകരിച്ചു നല്‍കുകയാണ് എമിറേറ്റ്സ് ചെയ്യുന്നത്. വിഎഫ്എസ് ഗ്ലോബലിന്റെ ദുബൈ വിസ പ്രോസസിങ് സെന്ററിന്റെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

സാധാരണ പാസ്‍പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയിൽ ഓൺ അറൈവൽ വിസ ലഭിക്കാൻ പാസ്‍പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെയെങ്കിലും കാലാവധി വേണം. ഇതിന് പുറമെ യുഎസ് വിസയോ, ഗ്രീൻ കാർഡോ, യൂറോപ്യൻ യൂണിയൻ വിസയോ, യുകെ വിസയോ പാസ്പോര്‍ട്ടിൽ  ഉണ്ടായിരിക്കുകയും വേണം. ഈ വിസകള്‍ക്ക് കുറഞ്ഞത് ആറ് മാസം എങ്കിലും കാലാവധി ഉണ്ടായിരിക്കണം  എന്നതാണ് അടുത്ത നിബന്ധന.

നിബന്ധനകള്‍ പാലിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ ലഭ്യമാക്കുന്ന സംവിധാനം യുഎഇ വിമാനത്താവളങ്ങളിൽ വര്‍ഷങ്ങളായി നിലവിലുണ്ട്. വിമാനമിറങ്ങിയ ശേഷം ഇമിഗ്രേഷൻ കൗണ്ടറുകളിലെത്തി വിസ സ്റ്റാമ്പ് ചെയ്യുകയാണ് സാധാരണ നിലയിൽ ചെയ്യുന്നത്. എന്നാൽ എമിറേറ്റ്സ് പ്രഖ്യാപിച്ച ഇപ്പോഴത്തെ സംവിധാനം ഉപയോഗപ്പെടുത്തിയാൽ വിസ നേരത്തെ തന്നെ സജ്ജമാക്കി വെയ്ക്കാം. ഇതിലൂടെ അറൈവൽ നടപടികൾ ലഘൂകരിക്കാനാവും.

47 ഡോളറാണ് ഇതിന് ചിലവ്. 18.50 ഡോളര്‍ സര്‍വീസ് ചാർജും ഈടാക്കും. എന്നാൽ വിസ അനുവദിക്കുന്നത് സംബന്ധിച്ച വിവേചനാധികാരം പൂര്‍ണമായും ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന് മാത്രമായിരിക്കും എന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe