ഇന്ത്യയിൽ ഉൽപ്പന്ന നിർമാണം നടത്തരുതെന്ന് ആപ്പിൾ സിഇഓ ടിം കുക്കിന് മുന്നറിയിപ്പ് നൽകി ഡൊണാൾഡ് ട്രമ്പ്. മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ ആപ്പിളിന്റെ ചീഫ് എക്സിക്കൂട്ടീവ് ഓഫീസറുമായി ഖത്തറിൽ വെച്ച് നടന്ന സംഭാഷണത്തിനിടെയാണ് ട്രമ്പിന്റെ പരാമർശം.
“എനിക്ക് ടിം കുക്കുമായി ഒരു ചെറിയ പ്രശനം ഉണ്ട്. ആപ്പിൾ ഇന്ത്യയിലുടനീളം നിർമാണ പ്ലാന്റുകൾ നിർമിക്കുകയാണ്. എനിക്ക് നിങ്ങൾ ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കുന്നതിനോട് താത്പര്യമില്ല. ഇന്ത്യക്ക് ഇന്ത്യയുടെ കാര്യം നോക്കാൻ അറിയാം” എന്നാണ് ട്രമ്പിന്റെ പരാമർശം.
ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ്. അതിനാൽ വിൽപ്പന ബുദ്ധിമുട്ടാകുമെന്നും ട്രമ്പ് കൂട്ടിച്ചേർത്തു. കൂടാതെ ‘ഇന്ത്യ ഞങ്ങൾക്ക് ഒരു കരാർ വാഗ്ദാനം ചെയ്തു. കരാർ പ്രകാരം അവർ ഞങ്ങളോട് ഒരു താരിഫും ഈടാക്കില്ലെന്നു സമ്മതിച്ചിട്ടുണ്ടെന്നും ട്രമ്പ് അവകാശവാദം ഉന്നയിച്ചു.
ലോകത്തെ ടെക് മാനുഫാക്ചറിങ് ഹബ് ആകാനുള്ള ഇന്ത്യയുടെ ശ്രമത്തിനേറ്റ ഒരു തിരിച്ചടി കൂടിയാണ് ട്രമ്പിന്റെ പ്രസ്താവന. 22 ബില്യൺ ഡോളർ വിലവരുന്ന ഐഫോണുകളാണ് കഴിഞ്ഞ മാർച്ച് വരെയുള്ള 12 മാസങ്ങളിൽ ഇന്ത്യയിൽ വെച്ച് ആപ്പിൾ അസംബിൾ ചെയ്തത്. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് 60 ശതമാനത്തോളം അധികമാണ്.