ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനുള്ള സഹായം നിര്‍ത്തി ഐഒസി

news image
Oct 11, 2024, 3:03 pm GMT+0000 payyolionline.in

ലുസൈന്‍: ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനുള്ള ധനസഹായം നിര്‍ത്തി വയ്ക്കുന്നതായി അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി. കായിക താരങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഒഴികെയുള്ള സഹായം നിര്‍ത്തിവയ്ക്കും ഒളിംപിക് അസോസിയേഷനില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. അസോസിയേഷനിലെ പ്രശ്‌നങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചു പരിഹരിക്കണമെന്ന് ഐഒസി നിര്‍ദേശിച്ചു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി  ഉഷയും നിര്‍വാഹക സമിതി അംഗങ്ങളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഐഒസി നടപടി.

ആരോപണങ്ങളുടെ ട്രാക്കില്‍ നില്‍ക്കുന്ന ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനമുണ്ടായിരുന്നു. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കും. ചുമതലയേറ്റെടുത്തതുമുതല്‍ ഉഷ ഇന്ത്യന്‍ കായിക മേഖലയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം. സമിതിയിലെ ഒരു വിഭാഗവുമായി നേരത്തെ തന്നെ ഉഷ ഉടക്കിലായിരുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പി ടി ഉഷയുടെ ഓഫീസും രംഗത്തെത്തി. 25ന് ചേരുന്ന ഐഒഎ യോഗത്തിന്റെ അജണ്ടയെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും പിടി ഉഷയുടെ ഓഫീസ് അറിയിച്ചു.

ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതിനെക്കുറിച്ചും 25ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. ഐഒഎയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും ഉഷയുമായി ഏറെനാളായി തര്‍ക്കത്തിലാണ്. യോഗ്യത മാദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഉഷ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 15 അംഗ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റില്‍ 12 പേരും ഉഷയ്ക്ക് എതിരാണെന്നാണ് റിപ്പോര്‍ട്ട്.

2022 ഡിസംബര്‍ പത്തിനാണ് ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്തേയ്ക്ക് പി ടി ഉഷ എത്തുന്നത്. അധികാരത്തിലെത്തി രണ്ട് വര്‍ഷമാകുന്നതിന് മുന്‍പാണ് പി ടി ഉഷയ്ക്കെതിരെ ഐ ഒ എയില്‍ പടയൊരുക്കം നടത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe