നിർമിത ബുദ്ധി ടൂളുകൾ ഉപയോഗിച്ച് തൊഴിലിലും സർഗസൃഷ്ടിയിലുമെല്ലാം കൂടുതൽ ഉയരത്തിലെത്താൻ ഇന്ത്യക്കാർക്ക് ആഗ്രഹമുണ്ടെങ്കിലും പത്തിൽ മൂന്നു പേർ മാത്രമാണ് ജനറേറ്റിവ് എ.ഐ ഉപയോഗിച്ചുതുടങ്ങിയിട്ടുള്ളുവത്രെ. ചാറ്റ് ജി.പി.ടി, ഗൂഗ്ൾ ജമനൈ, ഡീപ് സീക്ക് തുടങ്ങിയ ജനറേറ്റിവ് എ.ഐ ടൂളുകൾ ഉപയോഗിക്കുന്നവർ 31 ശതമാനം മാത്രമാണെന്നാണ് ഗൂഗ്ളും റിസർച്ച് ഏജൻസിയായ കന്ററാറും ചേർന്ന് നടത്തിയ പഠനം പറയുന്നത്. 18 നഗരങ്ങളിലായി 8000 പേരിൽ നടത്തിയ സർവേയിൽ പങ്കെടുത്തവർ പറയുന്നത്, എ.ഐ ടൂളുകൾ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നുവെന്നാണ്. ഈ ടൂളുകൾ കൂടുതൽ ഉൽപാദനക്ഷമതയും കൂടുതൽ സർഗശേഷിയും തരുമെന്നാണ് സർവേയിൽ പങ്കെടുത്തവർ പറയുന്നത്.
- ഉൽപാദനക്ഷമത വർധിപ്പിക്കുമെന്ന് 72 ശതമാനം അഭിപ്രായപ്പെട്ടു.
- സർഗശേഷി വർധിപ്പിക്കുമെന്ന് 77 ശതമാനം പേർ.
- ആശയവിനിമയം കൂടുതൽ ഫലപ്രദമാകുമെന്ന് 73 ശതമാനം.