ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി തട്ടിപ്പ്; അന്വേഷണത്തിന് കൂടുതൽ കേന്ദ്ര ഏജൻസികൾ

news image
Feb 18, 2024, 6:45 am GMT+0000 payyolionline.in

തൃശൂർ: തൃശൂർ കേന്ദ്രമാക്കിയുളള ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയെ വട്ടമിട്ട് കൂടുതൽ കേന്ദ്ര ഏജൻസികൾ എത്തും. കളളപ്പണ ഹവാല ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് കൈമാറും. വരുമാനത്തിന്‍റെ ഉറവിടം ആവശ്യപ്പെട്ട് കോടികൾ നിക്ഷേപമുളളവരെ ഉടൻ വിളിച്ചുവരുത്തും.

കോടികൾ പണമായി കൊണ്ടുപോയി നിക്ഷേപിച്ചവ‍ർ, വിലാസം പോലുമില്ലാതെ നിക്ഷേപം നടത്തിയവർ, കേന്ദ്ര ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ പൊടിക്കൈകൾ പയറ്റിവർ എന്നിവരെയെല്ലാം വിളിച്ചുവരുത്താനാണ് ആദായനികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

രണ്ട് വിധത്തിലാണ് ഇനിയുളള അന്വേഷണമുണ്ടാകുക. ആദ്യത്തേത് നിക്ഷേപകരെ കേന്ദ്രീകരിച്ച്. രണ്ടാമത്തേത് നിക്ഷേപകരിൽ നിന്ന് പണം കൈപ്പറ്റിയ ശേഷം ഐ സി സി എസ് എൽ നടത്തിയ നിയമലംഘനങ്ങളെക്കുറിച്ച്. സൊസൈറ്റിയിലെ വൻകിട നിക്ഷേപകരുടെ പട്ടികയാണ് ഇൻകംടാക്സ് തയാറാക്കുന്നത്. ഇവർക്ക് ഈയാഴ്ചമുതൽ നോട്ടീസ് അയക്കും. വരുമാനത്തിന്‍റെ ഉറവിടം കാണിക്കാൻ ആവശ്യപ്പെടും. കളളപ്പണമെങ്കിൽ തുടർ നടപടിയുണ്ടാകും. ഇന്ത്യൻ കോപ്പറേറ്റീവ് ക്രൈഡിറ്റ് സൊസൈറ്റിയുടെ വഴിവിട്ട ഇടപാടുകളിൽ മറ്റ് കേന്ദ്ര ഏജൻസികളുടെ തുടർ നടപടികൾ ഇങ്ങനെയാകും

1. ഹവാല , കളളപ്പണ ഇടപാടുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെടും. തങ്ങളുടെ കൈവശമുളള അന്വേഷണ വിവരങ്ങൾ ഇഡിക്ക് കൈമാറും
2. 1450 കോടി രൂപയാണ് സോജൻ അവറാച്ചൻ ചെയർമാനായ സൊസൈറ്റി പല കമ്പനികൾക്ക് കൈമാറിയത്. സോജൻ അവറാച്ചന്റെ സ്വന്തം കമ്പനിയിലേക്ക് മാത്രം 350 കോടി നൽകി. ഇക്കാര്യങ്ങൾ സെബിയെ അറിയിക്കും.
3. സൊസൈറ്റിയിലെ നിക്ഷേപകരുടെ പണം കോൽക്കത്തയിലെ വിവിധ കമ്പനികളിൽ എത്തിയത് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തെ അറിയിക്കും. കടലാസ് കമ്പനീസെന്ന സംശയത്തിൽ രജിസ്ട്രാർ ഓഫ് കമ്പനീസിലും വിവരങ്ങൾ കൈമാറും
4. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കമ്പനികളെ ബ്ലാക് ലിസ്റ്റിൽ പെടുത്താൻ ആവശ്യപ്പെടും.
5. രാജ്യത്തിന് പുറത്തേക്ക് അനുമതിയില്ലൊതെ നിക്ഷേപം കൊണ്ടുപോയോ എന്നും പരിശോധിക്കും.
6. ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കേന്ദ്ര സർക്കാർ ചട്ടങ്ങൾക്കുവിധേയമായി പ്രവർത്തിക്കുന്ന മ‌ൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയായതിനാൽ സെൻട്രൽ രജിസ്ട്രാർ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റിയേയും നിലവിലെ സാഹചര്യം അറിയിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe