ഇന്ത്യൻ നാവിക സേനയുടെ സുപ്രധാന വിവരങ്ങൾ പാകിസ്ഥാന് കൈമാറി, 2 പേർ എൻഐഎ പിടിയിൽ

news image
Feb 19, 2025, 12:31 pm GMT+0000 payyolionline.in

കാർവാർ: കാർവാർ നാവിക താവളത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയതിന് ഉത്തര കന്നഡ ജില്ലയിൽ നിന്നുള്ള രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശികളായ വേതന ടൻഡെലിനെയും ഹലവള്ളിയിൽ നിന്നുള്ള അക്ഷയ് നായികിനെയുമാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്.

പാക് രഹസ്യാന്വേഷണ ഏജൻസികൾ ഹണി ട്രാപ്പിലൂടെയാണ് പ്രതികളിൽ നിന്ന് വിവരങ്ങൾ ചോർത്തിയതെന്ന് സംശയിക്കുന്നു. പാക് വനിതാ ഏജൻ്റ് 2023-ൽ ഫെയ്‌സ്ബുക്കിൽ ഇവരുമായി ചങ്ങാത്തമുണ്ടാക്കുകയും നാവിക മേഖലയിലെ പ്രവർത്തനങ്ങൾ, യുദ്ധക്കപ്പലുകളുടെ വിശദാംശങ്ങൾ തുടങ്ങി തന്ത്രപ്രധാനമായ സുരക്ഷാ വിവരങ്ങൾ ചോർത്തി. 2024 ഓഗസ്റ്റിൽ ഇവരെ ചാരപ്രവർത്തനം സംശയിച്ച് എൻഐഎ ചോദ്യം ചെയ്തിരുന്നു. അന്ന് മതിയായ തെളിവ് ലഭിക്കാത്തതിനാൽ ഇവരെ വിട്ടയച്ചെങ്കിലും നിരീക്ഷണം ശക്തമാക്കി.

പ്രതികൾ കാർവാർ താവളത്തിൻ്റെ ചിത്രങ്ങളും നാവിക നീക്കങ്ങളുടെ വിശദാംശങ്ങളും കൈമാറി. ഇതിന് പ്രതിഫലമായി എട്ട് മാസത്തോളം 5,000 രൂപ നൽകി. 2023-ൽ ദീപക്കിനെയും മറ്റുള്ളവരെയും ഹൈദരാബാദിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ചാരപ്രവർത്തനം പുറത്തായത്. പ്രതികളെ ചാരപ്പണി ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകൾ അധികൃതർ കണ്ടെത്തി. കാർവാറിലെ ചണ്ഡ്യ മേഖലയിലെ അയൺ ആൻഡ് മെർക്കുറി എന്ന കമ്പനിയുമായി കരാറിലാണ് ടാൻഡലും നായികും ജോലി ചെയ്തിരുന്നത്. സീബേർഡ് നേവൽ ബേസ് കാൻ്റീനിലെ കരാർ തൊഴിലാളിയായിരുന്ന സുനിൽ ഇപ്പോൾ ഡ്രൈവറാണ്.

പിടിയിലായവരെ എൻഐഎ ചോദ്യം ചെയ്യുകയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയും ചെയ്തു. സീ ബേർഡ് ഉദ്യോഗസ്ഥരുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തിവരികയാണ്. കേസിൽ കൂടുതൽ പേരുണ്ടെന്ന് അധികൃതർ സംശയിക്കുന്നതിനാൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. കർണാടകയിലെ ഒരു നിർണായക ഇന്ത്യൻ നാവിക താവളമാണ് കർവാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe