ഇന്ത്യൻ സേനയുടെ തിരിച്ചടിയിൽ സന്തോഷം, ഭാവിയിൽ ആർക്കും ജീവൻ നഷ്ടപ്പെടരുത് -പഹൽഗാമിൽ വീരമൃത്യുവരിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ പിതാവ്

news image
May 7, 2025, 6:27 am GMT+0000 payyolionline.in

ശ്രീനഗർ: പാകിസ്താനിൽ ഇന്ത്യൻ സേന നടത്തിയ ഓപറേഷൻ സിന്ദൂർ തിരിച്ചടിയിൽ പ്രതികരിച്ച് പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച കശ്മീരി സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ പിതാവ് ഹൈദർ ഷാ. ഇന്ത്യ സേനയുടെ തിരിച്ചടിയിൽ സന്തോഷമുണ്ടെന്ന് ഹൈദർ ഷാ ദേശീയ വാർത്താ ഏജൻസി എ.എൻ.ഐയോട് പ്രതികരിച്ചു.

‘എന്റെ മകൻ ഉൾപ്പെടെ 26 പഹൽഗാം ഇരകളുടെ കൊലപാതകത്തിന് പ്രതികാരം ചെയ്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സർക്കാറിനോട് നന്ദി പറയുന്നു. സുരക്ഷാസേനയും സർക്കാരും പ്രതികാരം ചെയ്തു. ഭാവിയിൽ ആർക്കും ഇതുപോലെ ജീവൻ നഷ്ടപ്പെടരുത്. പ്രധാനമന്ത്രിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. ഇന്ന് ഞങ്ങൾക്ക് നീതി ലഭിച്ചു.’-ഹൈദർ ഷാ വ്യക്തമാക്കി.

ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നീട്ടിപ്പിടിച്ച തോക്കുകളുമായി പാഞ്ഞടുത്ത ഭീകരരിൽ നിന്ന് വിനോദസഞ്ചാരികളെ സംരക്ഷിക്കുന്നതിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാ ജീവൻ ത്യജിച്ചത്. തന്റെ കുതിരപ്പുറത്ത് കയറിയ വിനോദസഞ്ചാരിക്കു നേരെ വെടിയുതിർക്കാൻ തുനിഞ്ഞ ഭീകരന്റെ കൈയിൽ നിന്ന് തോക്കു പിടിച്ചു വാങ്ങുകയായിരുന്നു ആദിൽ. ഇതിന് പിന്നാലെ മറ്റ് ഭീകരർ ആദിൽ ഹുസൈൻ ഷാക്ക് നേരെ വെടിവെക്കുകയായിരുന്നു.

പഹൽഗാമിലെ കാർ പാർക്കിങ് ​ഏരിയയിൽ നിന്ന് കാൽനടയായി മാത്രം എത്തിച്ചേരാവുന്ന ബൈസരൻ പുൽമേടിലേക്ക് കുതിരപ്പുറത്ത് വിനോദസഞ്ചാരികളെ എത്തിക്കുന്നവരിൽ ഒരാളായിരുന്നു ആദിൽ. അതായിരുന്നു ഏക വരുമാന മാർഗവും. ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരോയൊരു കശ്മീരിയും സയ്യിദ് ആദിൽ ഹുസൈൻ ഷാ ആണ്.

26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാ​ക്രമണത്തിനുള്ള തിരിച്ചടിയായാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻസേന ആക്രമണം നടത്തിയത്. ‘ഓപറേഷൻ സിന്ദൂർ’ എന്ന് പേരിട്ട സൈനിക നടപടിയിൽ നാല് ജെയ്ശെ മുഹമ്മദ്, മൂന്ന് ലശ്കറെ ത്വയ്യിബ, രണ്ട് ഹിസ്​ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് തകർത്തത്.

കോട്ട്ലി, മുരിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട്, മുസാഫറബാദ്, ഭാഗ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ഇന്ത്യയുടെ മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe