കൊല്ലം: ഇന്നലെ രാത്രി ഒരു വീട്ടിലേക്കാണ് തന്നെ കൊണ്ടുപോയതെന്ന് കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേല്‍ സാറ. കടത്തിക്കൊണ്ടു പോയവരെ നേരത്തെ കണ്ടിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ആശ്രാമം മൈതാനത്ത് എത്തിച്ച ശേഷം, പോയിട്ട് വരാമെന്നാണ് അവര്‍ പറഞ്ഞതെന്നും അബിഗേല്‍ പൊലീസിനോടു പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ തട്ടിയെടുക്കപ്പെട്ട ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ സാറ റെജിയെ ഇന്ന് ഉച്ചയ്ക്കാണ് ആശ്രാമം പരിസരത്ത് കണ്ടെത്തിയത്. മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. എസ്.എൻ കോളജിലെ വിദ്യാർഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. ആദ്യം കണ്ടപ്പോൾ ഒരു സ്ത്രീയുണ്ടായിരുന്നതായി വിദ്യാർഥികൾ പറയുന്നു.
കൊല്ലം ഈസ്റ്റ് പൊലീസിെൻറ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ, കുട്ടിയെ നാളെയെ വീട്ടിലേക്കു വിടൂ എന്നാണ് വിവരം. അമ്മയുമായി അബിഗേല്‍ വിഡിയോ കോളിൽ സംസാരിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയവർക്കായി തിരച്ചിൽ തുടരുന്നു. കുട്ടിയെ ഉപേക്ഷിച്ചശേഷം ഇവർ കടന്നുകളഞ്ഞുവെന്നാണ് വിവരം. ഇന്നലെ വൈകിട്ട് അബിഗേലും ജ്യേഷ്ഠൻ നാലാം ക്ലാസുകാരൻ യോനാഥനും വീട്ടിൽനിന്ന് 100 മീറ്റർ അപ്പുറത്തുള്ള വീട്ടിലേക്കു ട്യൂഷനു പോകുമ്പോഴാണു സംഭവം. കാറിലെത്തിയവർ ഒരു നോട്ടിസ് നൽകി, അത് അമ്മയെ ഏൽപിക്കണമെന്നു പറഞ്ഞു യോനാഥെൻറ ശ്രദ്ധ മാറ്റിയശേഷം അബിഗേലിനെ പിടിച്ചു കാറിലേക്കു വലിച്ചു കയറ്റുകയായിരുന്നു.
കാർ നീങ്ങിയപ്പോൾ ജോനാഥൻ ഡോറിൽ തൂങ്ങിക്കിടന്നു. റോഡിലേക്കു വീണ യോനാഥെൻറ മുട്ടിനു പരുക്കേറ്റു. അങ്കണവാടി അധ്യാപികയായ സുനു സോമരാജൻ ഇതുകണ്ട് ഓടിയെത്തിയപ്പോഴേക്കും കാർ വിട്ടു പോയിരുന്നു. ജോനാഥെൻറ നിലവിളി കേട്ടു പുറത്തിറങ്ങിയ അയൽവാസികൾ അന്വേഷിച്ചപ്പോഴാണു കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയെന്നു നാട്ടുകാർക്കു മനസിലായത്.