ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ എക്കാലത്തേയും മികച്ച എം.പി.വിയായ ഇന്നോവയുടെ രണ്ടാം തലമുറയിലെ ക്രിസ്റ്റയുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി കമ്പനി. ഇന്ത്യയിലെ പ്രീമിയം എം.പി.വി വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ക്രിസ്റ്റ. 2005ൽ നിർമാണം അവസാനിപ്പിച്ച ക്വാളിസിന് പകരക്കാരനായാണ് ഇന്നോവയെ ടൊയോട്ട വിപണിയിൽ എത്തിച്ചത്. മികച്ച യാത്ര സുഖം വാഗ്‌ദാനം ചെയ്ത ക്വാളിസ് വിപണിയിൽ നിന്നും പിൻവാങ്ങിയപ്പോൾ കടുത്ത നിരാശയോടെ ഇന്നോവയെ ഏറ്റുവാങ്ങിയ ഉപഭോക്താക്കൾക്ക് ശുഭ പ്രതീക്ഷയാണ് കമ്പനി നൽകിയത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഒട്ടും ശുഭകരമല്ല.
2015ൽ ആഗോള വിപണിയിൽ എത്തിച്ച രണ്ടാം തലമുറയിലെ ഇന്നോവ ക്രിസ്റ്റയുടെ നിർമാണം 2026 അവസാനത്തോടെ അവസാനിപ്പിക്കുമെന്നാണ് കമ്പനി തീരുമാനം. ആഗോള അരങ്ങേറ്റത്തിന് ശേഷം 2016ൽ നിരത്തുകളിൽ എത്തിയ എം.പി.വി 10 വർഷം പൂർത്തിയാക്കുമ്പോഴാണ് ടൊയോട്ട ഇത്തരമൊരു നിർണായക തീരുമാനം എടുക്കുന്നത്. നിർമാണം പൂർത്തിയാക്കിയ ക്രിസ്റ്റയുടെ പെട്രോൾ, ഡീസൽ വകഭേദങ്ങൾക്ക് മികച്ച ആനുകൂല്യങ്ങളാണ് കമ്പനി ഇപ്പോൾ നൽകുന്നത്. മൂന്നാം തലമുറയായി അവതരിപ്പിച്ച ഇന്നോവ ഹൈക്രോസിന്റെ ഡീസൽ എൻജിന്റെയും ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റെയും നിർമാണം നേരത്തെ നിർത്തലാക്കിയിരുന്നു. നിലവിൽ 2GD-FTV 2.4 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ, 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് കമ്പനി നിർമിക്കുന്നത്.
തുടക്കത്തിൽ 2GD-FTV 2.4 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിൻ BS-IV എമിഷൻ മാനദണ്ഡങ്ങൾ പാലിച്ചിരുന്നു, പിന്നീട് ടൊയോട്ട അത് BS-VI ഫേസ്-1, BS-VI ഫേസ്-2 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അപ്‌ഗ്രേഡ് ചെയ്തു. ഈ എൻജിൻ ഇതിൽ കൂടുതൽ വികസിപ്പിക്കാൻ ഇനി സാധ്യതയില്ല. അതിനാൽ തന്നെ കോർപ്പറേറ്റ് ശരാശരി ഇന്ധന സമ്പദ് വ്യവസ്ഥ (കഫെ) മാനദണ്ഡങ്ങൾ പാലിക്കാൻ ടൊയോട്ട വെല്ലുവിളി നേരിടും. ഇതാണ് നിർമാണം അവസാനിപ്പാക്കാനുള്ള പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. കഫെ മാനദണ്ഡങ്ങൾ പ്രകാരം കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം പരിമിതപ്പെടുത്തേണ്ടതുണ്ട്. ഇത് ഇന്നോവ പോലൊരു വലിയ വാഹനത്തിൽ പ്രവർത്തികമാക്കുമ്പോൾ കമ്പനിക്ക് നഷ്ട്ടം സംഭവിക്കാൻ കാരണമാകും.
ടൊയോട്ട കിർലോസ്കർ മോട്ടോർസ് ക്രമേണ പെട്രോൾ, ഹൈബ്രിഡ് മോഡലുകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതിയിലാണ്. മൂന്നാം തലമുറയിൽ ഇന്നോവ ഇതിന്റെ ഭാഗമാണ്. 18,65,700 ലക്ഷം രൂപയായിരുന്നു ഇന്നോവ ക്രിസ്റ്റയുടെ പ്രാരംഭ എക്സ് ഷോറൂം വില. ഏറ്റവും ഉയർന്ന വകഭേദത്തിന് 25,36,200 ലക്ഷം രൂപയും. ക്രിസ്റ്റ നിർമാണം അവസാനിപ്പിക്കുന്നതോടെ ഇന്നോവ ഹൈക്രോസ് കൂടുതൽ ജനപ്രിയമാകുമെന്നും താങ്ങാവുന്ന വിലയിൽ ലഭിക്കുമെന്നും പ്രതീക്ഷിക്കാം.
