ഇന്ന് ഒറ്റയ്ക്ക് തറയില്‍ കിടക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സെല്ലില്‍ സഹതടവുകാര്‍ ഇല്ല

news image
Jan 11, 2026, 3:54 pm GMT+0000 payyolionline.in

ആലപ്പുഴ: മൂന്നാം ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലില്‍ പ്രത്യേക പരിഗണനകളില്ല. സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ ഒറ്റയ്ക്കായിരിക്കും കഴിയുക. സഹതടവുകാർ ഉണ്ടായിരിക്കില്ല. എംഎല്‍എ ആയതിനാലാണ് രാഹുലിന് ഒറ്റയ്ക്ക് ഒരു സെല്‍ അനുവദിച്ചത്. നിലത്ത് പായ വിരിച്ചാകും രാഹുൽ ഇന്ന് കിടക്കുക. ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ കട്ടില്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ നല്‍കാനാണ് തീരുമാനം. സാധാരണയായി ജയിലില്‍ ഞായറാഴ്ച്ചകളില്‍ രാത്രി സ്പെഷ്യൽ ഭക്ഷണമില്ല. ചോറിനോ ചപ്പാത്തിക്കോ ഒപ്പം തോരനും രസവുമായിരിക്കും നല്‍കുക. നാളെ രാവിലെ ഉപ്പുമാവും കടല കറിയുമായിരിക്കും പ്രഭാതഭക്ഷണം.

വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. സാധാരണയായി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റുക. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോൾ രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് മുന്നില്‍ക്കണ്ട് ഡോക്ടര്‍മാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണസംഘം നാളെ അപേക്ഷ നല്‍കും. രാഹുലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുക. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാകും പരിഗണിക്കുക. രാഹുലിന്റെ അഭിഭാഷകന്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.

മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവരഹസ്യമായാണ് രാഹുലിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്ന മൊഴിയാണ് അതിജീവിത പൊലീസിന് നല്‍കിയിരിക്കുന്നത്. രാഹുല്‍ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. തന്റെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണി മുഴക്കുമെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നുമാണ് യുവതിയുടെ മൊഴി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe