ഇന്ന് നിശ്ശബ്ദ പ്രചരണം, മോദി ധ്യാനത്തിൽ, നാളെ അന്തിമ ജനവിധി; പ്രതീക്ഷയോടെ ഇരുപക്ഷവും, വിധി അറിയുക ചൊവ്വാഴ്ച

news image
May 31, 2024, 3:43 am GMT+0000 payyolionline.in

ദില്ലി: ലോക് സഭ തെരഞ്ഞെടുപ്പിന് നാളെ തിരശീല വീഴും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമാകും ശനിയാഴ്ച നടക്കുക. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ് യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് പോളിംഗ്. ചൊവ്വാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങലാണ് നാളെ വിധി കുറിക്കുക.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ മൂന്നു ദിവസത്തെ ഏകാന്ത ധ്യാനം തുടങ്ങിയിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ ഉച്ചകഴിഞ്ഞ് അദ്ദേഹം മടങ്ങും. പ്രധാനമന്ത്രിയുടെ വരവോടെ കന്യാകുമാരിയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമുണ്ട്.

ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് കൊടിയിറങ്ങിയത്. അവസാന ലാപ്പിൽ എൻ ഡി എയും ഇന്ത്യ മുന്നണിയും സർക്കാർ രൂപീകരിക്കുമെന്ന് അവകാശപ്പെട്ട് രംഗത്തുണ്ട്. മൂന്നാം സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങടക്കം പ്ലാൻ ചെയ്താണ് മോദി ആത്മവിശ്വാസം കാട്ടുന്നത്. പ്രചാരണ റാലികളില്‍ പ്രധാനമന്ത്രി ചാര്‍ സൗ പാര്‍ ആവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ആലോചനകളും ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങെങ്കില്‍ ഇക്കുറി കര്‍ത്തവ്യപഥില്‍ നടത്താനാണ് നീക്കം. മുന്‍കാലങ്ങളില്‍ എണ്ണായിരം പേര്‍ വരെ ചടങ്ങിനെത്തിയിരുന്നെങ്കില്‍ പങ്കാളിത്തം കൂട്ടാനാണ് ചടങ്ങ് കര്‍ത്തവ്യ പഥിലേക്ക് മാറ്റുന്നത്. തത്സമയ സംപ്രേഷണത്തിന് ദൂരദര്‍ശന്‍റെ 100 ക്യാമറകള്‍ സജ്ജമാക്കും. 2014 ലും, പത്തൊന്‍പതിലും ഫലം വന്ന് 10 ദിവസത്തിനുള്ളില്‍ സത്യപ്രതിജ്ഞ നടന്നിരുന്നു. ഇക്കുറിയും മോദി തന്നെയെങ്കില്‍ ഒന്‍പതിനോ, പത്തിനോ സത്യ പ്രതിജ്ഞ നടക്കാനാണ് സാധ്യത.

എൻ ഡി എയിലെ ചര്‍ച്ചകള്‍ ഇങ്ങനെ പോകുമ്പോൾ ഇന്ത്യ സഖ്യവും കട്ടക്ക് തന്നെയാണ്. ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രമുഖ പാർട്ടികളെല്ലാം ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ലാതെ മത്സരിക്കുന്നുവെന്ന ആക്ഷേപത്തിന്, അധികാരത്തിലെത്തിയാല്‍ 48 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ മറുപടി. വിജയിച്ചാല്‍ എന്‍ ഡി എയിലെ ചില കക്ഷികള്‍ സഖ്യത്തിന്‍റെ ഭാഗമാകുമെന്നും കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ജയറാം രമേശ് അവകാശപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe