ഇന്ന് 20 വിമാനങ്ങൾക്ക് ഭീഷണി സന്ദേശം, ആകാശ, വിസ്താര കമ്പനികൾക്ക് 6 വീതം ഭീഷണി സന്ദേശം കിട്ടി, പരിശോധന

news image
Oct 20, 2024, 3:04 pm GMT+0000 payyolionline.in

ദില്ലി : ദുരൂഹതയുണർത്തി രാജ്യത്ത് ഇന്നും വിമാനങ്ങൾക്ക് ഭീഷണി. ഇൻഡി​ഗോ, വിസ്താര, എയർ ഇന്ത്യ, ആകാശ കമ്പനികളുടെ  20 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ ഒരാഴ്ചക്കിടെ ഭീഷണി സന്ദേശം ലഭിച്ച സർവീസുകൾ 90 കടന്നു. ആകാശ, വിസ്താര കമ്പനികളുടെ സർവീസുകൾക്ക് 6 വീതം ഭീഷണി സന്ദേശങ്ങൾ ലഭിച്ചു.

ദില്ലി-ഫ്രാങ്ക്ഫർട്ട്, സിം​ഗപൂർ-ദില്ലി, സിം​ഗപൂർ-മുംബൈ, മുംബൈ – സിം​ഗപ്പൂർ തുടങ്ങിയ ഫ്ലൈറ്റുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് വിസ്താര അറിയിച്ചു. ദില്ലി-ഗോവ, അഹമ്മദാബാദ്-മുംബൈ, ദില്ലി-ഹൈദരാബാദ്, കൊച്ചി-മുംബൈ ( QP 1519), ലക്നൗ-മുംബൈ തുടങ്ങിയ സർവീസുകൾക്ക് ഭീഷണി ലഭിച്ചെന്ന് ആകാശ കമ്പനിയും അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ചയുടനെ വിവരം അധികൃതരെ അറിയിച്ചു, നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനം പുറപ്പെട്ടെന്നും കമ്പനികൾ അറിയിച്ചു.

നെടുമ്പാശ്ശേരിയിൽ ഇന്നും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി

നെടുമ്പാശ്ശേരിയിൽ ഇന്നും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. എയർ ഇന്ത്യയുടെ കൊച്ചി – ദമാം, ആകാശ് എയറിന്‍റെ കൊച്ചി – മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി ഉയർന്നത്. ട്വിറ്ററിൽ ലഭിച്ച ഭീഷണി നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിനെത്തിയപ്പോഴേക്കും ഇരു വിമാനങ്ങളും കൊച്ചി വിട്ടിരുന്നു. തുടർച്ചയായുള്ള ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഭീഷണി സന്ദേശം ലഭിച്ചാൽ സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനുസരിച്ചുള്ളസുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കണമെന്നാണ് നിർദേശം. ഇന്നലെ ബെംഗളൂരുവിലേക്കുള്ള അലയൻസ് എയർ വിമാനത്തിനും ബോംബ്  ഭീഷണി ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe