ഇന്റർനെറ്റ് വേണ്ട; യുപിഐ ലൈറ്റ് ഇടപാട് പരിധി ഉയർത്തി ആർബിഐ

news image
Aug 26, 2023, 10:28 am GMT+0000 payyolionline.in

യുപിഐ ലൈറ്റ് ഇടപാടുകളുടെ പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഓഫ്‌ലൈൻ മോഡിലെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടിന്റെ പരിധി 200 രൂപയിൽ നിന്ന് 500 രൂപയായാണ് ഉയർത്തിയത്.  ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോ ആയ സ്ഥലങ്ങളിൽ യുപിഐ ലൈറ്റ് വാലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതായത് ഇൻറർനെറ്റോ, മറ്റു കണക്ടിവിറ്റി സംവിധാനങ്ങളോ ആവശ്യമില്ലാതെ തന്നെ 500 രൂപ വരെയുളള ഇടപാടുകൾ നടത്താമെന്ന് ചുരുക്കം.  അതേസമയം  വിവിധ ഇടപാടുകളിലൂടെ ,ഒരു ദിവസം കൈമാറാൻ കഴിയുന്ന തുകയുടെ  മൊത്തത്തിലുള്ള പരിധി 2,000 രൂപയായിത്തന്നെ തുടരും.

ആഗസ്റ്റ് 10ന് നടന്ന ആർബിഐയുടെ ധനന സമിതിയുടെ യോഗത്തിലാണ്   പുതിയ മാറ്റം നിർദേശിച്ചത്.  ഇടപാട് പരിധി ഉയർത്തിയതോടെ,  കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്ക്   ടു ഫാക്ടർ  വെരിഫിക്കേഷന്റെ ആവശ്യകത ഇല്ലാതെ തന്നെ,  എളുപ്പത്തിലും, വേഗത്തിലും, ഉപയോക്താക്കൾക്ക് 500 രൂപവരെയുള്ള ഇടപാടുകൾ നടത്താൻ കഴിയും. ഇടപാട് പരിധി ഉയർത്തയതോടെ ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യത്തോടെ ഇടപാടുകൾ നടത്താനും കഴിയും.

എന്താണ് യുപിഐ ലൈറ്റ്?

2022 സെപ്റ്റംബറിൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ആർബിഐയും ചേർന്നാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്.
രാജ്യത്ത് കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത യുപിഐ സംവിധാനത്തിന്റെ  വിപുലീകരിച്ച പതിപ്പാണിത്. ഇത് വഴി  500 രൂപവരെയുള്ള ഇടപാടുകൾ ഈസിയായി നടത്താം. യുപിഐ ലൈറ്റ് അക്കൗണ്ടിൽ 2000 രൂപ വരെ ഉപഭോക്താവിന് സൂക്ഷിക്കാവുന്നതാണ്.

യുപിഐ ലൈറ്റ് ഉപയോഗിക്കും വിധം

ഇടപാടുകൾ നടത്താൻ, ആപ്പിലെ വാലറ്റിൽ ആദ്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ട്രാൻസഫർ ചെയ്യേണ്ടതുണ്ട്. തുടർന്ന്, ഈ പണം ഉപയോഗിച്ച് വാലറ്റിൽ നിന്ന് യുപിഐ ലൈറ്റ് വഴി പേയ്‌മെന്റുകൾ നടത്താം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe