ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനിക്ക് 15.6 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമീഷൻ

news image
Aug 30, 2025, 3:35 pm GMT+0000 payyolionline.in

മലപ്പുറം: രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും സ്വന്തം പേരിലായിട്ടും ഇന്‍ഷുറന്‍സ് നിഷേധിച്ച നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരിക്ക് 15,60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമീഷന്‍. തൃശൂര്‍ വടക്കേക്കാട് സ്വദേശിനി ഷിംന ഫമീഷ് സമര്‍പ്പിച്ച ഹരജിയിലാണ് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി.
പരാതിക്കാരിയുടെ പേരില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സുമുള്ള ബി.എം.ഡബ്ല്യു കാര്‍ ചാലക്കുടി-അതിരപ്പിള്ളി റോഡിലുണ്ടായ അപകടത്തില്‍ പൂർണമായി തകര്‍ന്നിരുന്നു. 15 ലക്ഷം രൂപക്കാണ് വാഹനം ഇന്‍ഷുര്‍ ചെയ്തിരുന്നത്. അതിരപ്പിള്ളി പൊലീസ് സംഭവസമയം വാഹനം ഓടിച്ചിരുന്നയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അപകട വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുകയും ചെയ്തു. പക്ഷേ, ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കാന്‍ കമ്പനി തയാറായില്ല.
അപകടസമയത്ത് വാഹനം പരാതിക്കാരിയുടേതായിരുന്നില്ലെന്നും പൊലീസ് സ്റ്റേഷനില്‍നിന്ന് ഉടമസ്ഥനെന്ന നിലയില്‍ വാഹനം ഏറ്റുവാങ്ങിയത് മജീദ് എന്നയാളാണെന്നും അതിനാല്‍ പരാതിക്കാരിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയില്ലെന്നുമാണ് കമ്പനി അറിയിച്ചത്. തുടർന്ന് താനും ഭര്‍ത്താവും വിദേശത്തേക്ക് പോകുന്നതിനാല്‍ സുഹൃത്തെന്ന നിലയില്‍ താൽകാലികമായി വാഹനം കൈമാറിയിരുന്നതാണെന്നും വാഹനത്തിന്റെ ഇന്‍ഷുറന്‍സും ഉടമസ്ഥതയും തന്റെ പേരിലാണെന്നും പോളിസി പ്രകാരം ആനുകൂല്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി കമീഷനെ സമീപിക്കുകയായിരുന്നു.
പരാതിയോടൊപ്പം സ്വന്തം പേരിലുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സ് പോളിസിയും നന്നാക്കാനാവാത്തവിധം കേടുവന്ന വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ മൂന്നര ലക്ഷം രൂപക്ക് വിറ്റതിന്റെ രേഖയും പരാതിക്കാരി കമീഷന്‍ മുമ്പാകെ ഹാജരാക്കി. പൊലീസ് സ്റ്റേഷനില്‍നിന്ന് വാഹനം ഏറ്റുവാങ്ങിയ കരാര്‍ ഉടമസ്ഥനാണ് യഥാർഥ വാഹന ഉടമയെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം കമീഷന്‍ നിരാകരിച്ചു.
ഇന്‍ഷുറന്‍സ് ആനുകൂല്യമായി 13,50,000 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരിക്ക് ഒരു മാസത്തിനകം നല്‍കാനാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷൻ ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവന്നാല്‍ ഒമ്പതു ശതമാനം പലിശയും നല്‍കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe