വടകര: വടകര ടാങ്കർ ലോറിയിടിച്ച് കാർ യാത്രക്കാരായ അച്ഛനും മകളും മരിച്ച കേസിൽ 86,65,000 രൂപ നഷ്ട പരിഹാരം നൽകാൻ വിധി. കണ്ണൂർ ചാലിൽ സുബൈദാസിൽ അബുവിന്റെ മകൻ വ്യവസായിയായ ആഷിക്(49), മകൾ ആയിഷ (19) എന്നിവർ മരിച്ച കേസിലാണ് വടകര എംഎസിടി ജഡ്ജിയുടെ വിധി. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്നു ആയിഷ.
86,65,000 രൂപ നഷ്ട പരിഹാരം നൽകുന്നതിനോടൊപ്പം ഒമ്പതു ശതമാനം പലിശയും കോടതി ചെലവും നൽകണമെന്നും വിധിയിൽ പറയുന്നു. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2020 ജൂൺ 13 ന് ദേശീയ പാതയിൽ ഇരിങ്ങൽ മാങ്ങൂൽ പാറയിലാണ് അപകടം നടന്നത്. ഭാരത് ഗ്യാസിന്‍റെ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ആഷിക് ഉൾപ്പടെയുള്ളവർ സഞ്ചരിച്ച കെ എൽ 13 വൈ-1290 കാറിലേക്ക് എതിരെ വന്ന കെഎൽ 09 എജെ-9090 ടാങ്കർ ലോറി ഇടിച്ച് കയറുകയായിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന മകൻ മുഹമ്മദ് ലാസിമും ഭാര്യയുടെ മാതൃസഹോദരിക്കും അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.