പയ്യോളി : ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയുടെ പതിമൂന്നാം പതിപ്പിന് നാളെ സമാപനമാവും. 20 ദിവസം നീണ്ടുനിൽക്കുന്ന മേള ഡിസംബർ 23നാണ് ആരംഭിച്ചത്. മേളയിൽ ബലാറസ്, ഈജിപ്ത്, ഇറാൻ, ഇസ്രായേൽ, ജോർദാൻ, കസാഖിസ്ഥാൻ, നേപ്പാൾ, റഷ്യ, ശ്രീലങ്ക, സിറിയ, താജിക്കിസ്ഥാൻ, തായ്‌വാൻ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ എന്നീ 15 രാജ്യങ്ങളിൽനിന്നായി നൂറോളം കരകൗശല വിദഗ്ധരും , ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറിലിധികം വിദഗ്ധരും പങ്കെടുത്തു. കൂടാതെ ദിനംപ്രതി വൈവിധ്യമേറിയ കലാപരിപാടികൾ, ഹാൻഡ്‌ലൂം തീം പവിലിയൻ, ഹാൻഡ്‌ലൂം ഫാഷൻ ഷോ മത്സരം, കേരളീയ ഭക്ഷ്യമേള, ഫ്ലവർ ഷോ, ടൂറിസം എക്സ്പോ , ടൂറിസം ടോക്ക് ഷോ , വാഹനപ്രദർശനം, കളരിപ്രദർശനം, കുട്ടികൾക്കായുള്ള വിവിധ വിനോദോപാധികൾ എന്നിവ സംഘടിപ്പിച്ചിരുന്നു.
ഭക്ഷ്യമേളയിൽ ഏറ്റവും ആകർഷമായതായിരുന്നു രാജസ്ഥാനിൽ നിന്നുള്ള ഭക്ഷ്യവിഭവങ്ങൾ. കൂടാതെ ഇന്ത്യൻ – ചൈനീസ് വിഭവങ്ങളും വിപുലമായ സൗകര്യത്തോടെ ഇവിടെ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ വിനോദസഞ്ചാര വകുപ്പ്, നബാർഡ്, ഭാരത സർക്കാർ വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഡെവലൊപ്മെന്റ് കമ്മീഷണർ ഓഫ് ഓഫ് ഹാൻഡിക്രാഫ്റ്റ്സ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലെ ക്രിസ്മസ് അവധിക്കാലത്ത് മേളയിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.
