കോഴിക്കോട്: ഭൂചലനം അനുഭവപ്പെട്ട കോഴിക്കോട് കായക്കൊടി എള്ളിക്കാംപാറയിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും.
റവന്യു വകുപ്പ് അധികൃതരും ഇന്നു സ്ഥലം സന്ദർശിക്കും. ഇന്നലെ രാത്രി എട്ടു മണിയോടെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം ഉണ്ടായതായാണ് നാട്ടുകാർ പറയുന്നത്. പരിഭ്രാന്തരായ ആളുകൾ വീട് വിട്ടിറങ്ങുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ഇന്നലെ രാത്രി തന്നെ വില്ലേജ് അധികൃതരും പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ജനങ്ങളോട് ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.സെക്കന്റുകൾ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തരാണ്.കായിക്കൊടി പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിൽ ഏകദേശം ഒന്നര കിലോമീറ്ററുകളോളാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
വലിയൊരു ശബ്ദം കേട്ടു, ഇരുന്ന കസേരയൊക്കെ അനങ്ങി. ഇതോടെ പേടിച്ച് വീടിന് പുറത്തേക്ക് ഓടി. വീടിന് മുകളിൽ കനമുള്ള എന്തോ എന്ന് വീഴുന്നത് പോലെ തോന്നിയെന്ന് നാട്ടുകാർ പറയുന്നു. വലിയ ശബ്ദം കേട്ട് പേടിച്ച് അയൽവാസികളോട് അന്വേഷിച്ചപ്പോൾ അവർക്കും സമാന അനുഭവമാണ് ഉണ്ടായതെന്ന് പറഞ്ഞു. ഇതോടെ എല്ലാലരും വീടിന് പുറത്തിറങ്ങി പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പും ഇത്തരത്തിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു- നാട്ടുകാർ പറയുന്നു.