തളിപ്പറമ്പ് (കണ്ണൂർ) > ഇരുപതു സീറ്റുകളിലും വൻഭൂരിപക്ഷത്തോടെ ജയിക്കുകയെന്നതാണ് എൽഡിഎഫ് ലക്ഷ്യമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐ എം സ്ഥാനാർഥികളെ 27നകം പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഞങ്ങൾക്ക് ആശ്രയിക്കാനും സഹകരിക്കാനും കഴിയാത്ത ഒരു ജനവിഭാഗവുമില്ല. തിരിച്ചും എല്ലാ ജനവിഭാഗങ്ങൾക്കും ഞങ്ങളുമായി സഹകരിക്കാനും ആശ്രയിക്കാനുമാകും. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചാലും ഇല്ലെങ്കിലും അതൊന്നും എൽഡിഎഫ് വിജയത്തെ ബാധിക്കാൻ പോകുന്നില്ല. രാഹുൽഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ വോട്ടുപിടിച്ചത്. ഇന്ന് അങ്ങനെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. പ്രധാനമന്ത്രി സ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാട്ടിയല്ല ‘ഇന്ത്യ’ മുന്നണി മത്സരിക്കുന്നത്.
ഓരോ സംസ്ഥാനത്തെയും മണ്ഡലത്തിലെയും സാഹചര്യം അനുസരിച്ച് സ്ഥാനാർഥികളെ നിർത്തി ബിജെപിയെ തോൽപ്പിക്കണമെന്നാണ് സിപിഐ എം നിലപാട്. 37 ശതമാനംമാത്രം വോട്ടാണ് ബിജെപിക്കുള്ളത്. 63 ശതമാനം വരുന്ന വിരുദ്ധവോട്ട് ഛിന്നഭിന്നമാകാതിരിക്കുകയാണ് വേണ്ടത്. സ്ഥാനാർഥികളെ തീരുമാനിക്കുമ്പോഴോ മറ്റു തീരുമാനങ്ങളെടുക്കുമ്പോഴോ ആരുടെയും സമ്മർദത്തിന് വഴങ്ങുന്ന പാർടിയല്ല സിപിഐ എം. എന്തും വിളിച്ച് പറയുന്ന കെ എം ഷാജിക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി എം വി ഗോവിന്ദൻ പറഞ്ഞു.