പയ്യോളി: ഇരിങ്ങത്ത് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യു.പി സ്വദേശി പയ്യോളി പോലീസിൻ്റെ പിടിയിൽ. ഇരിങ്ങത്ത് കുയിമ്പിലുന്ത് ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും ഉത്തരപ്രദേശ് മൊറാദാബാദ് ഖുറൈദ റോഡിൽ ഷവാവുൽ (20) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1.700 ഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്.
പ്രദേശത്ത് നാല് വർഷത്തോളമായി വെൽഡിങ് ജോലി ചെയ്‌തുവരുന്ന ഇയാൾ ഉത്തർപ്രദേശിൽ നിന്ന് ട്രെയിൻ ഇറങ്ങി ബസ്സ് മാർഗ്ഗം ഇരിങ്ങത്തെ വാടക വീട്ടിൽ പോകുന്നതിനിടയിലാണ് പ്രദേശവാസികൾക്ക് സംശയം തോന്നിയത്. തുടർന്ന് പയ്യോളി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പയ്യോളി സി.ഐ സജീഷ് എ.കെ, എസ്.ഐ ജയദാസ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സ്ക്വാഡും ചേർന്ന് പരിശോധിക്കുകയായിരുന്നു.
മേപ്പയ്യൂർ, ഇരിങ്ങത്ത് പ്രദേശങ്ങളിൽ വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണിതെന്ന് പോലീസ് പറഞ്ഞു. പയ്യോളി സി.ഐ സജീഷ് എ.കെ, എസ്.ഐ ജയദാസ്, ഡാൻസാഫ് സേനയിലെ എ.എസ്.ഐ വിനീഷ് വി.സി, മുജീബ് യു.സി, അഖിലേഷ്, എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.