തെഹ്റാൻ: ഇറാൻ റെവല്യൂഷനറി ഗാർഡ് മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനിടെ ഇറാനിൽ ഭീകരാക്രമണം. 73 പേർ കൊല്ലപ്പെട്ടു. 170 ലേറെ പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാർഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം.
കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയപ്പോഴാണ് ഭീകരർ റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്.
സ്മാരകത്തിൽ നിന്ന് 700 മീറ്റർ ദൂരയൊണ് ആദ്യ സ്ഫോടനം. പ്രാദേശിക സമയം വൈകീട്ട് 3.04 നായിരുന്നു ഇത്. 13 മിനിട്ടിന് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം.
സ്ഫോടത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ആരും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നടന്നത് ഭീകരാക്രമണമെന്ന് കെർമാൻ ഗവർണർ വ്യക്തമാക്കി. 2020 ജനുവരി മൂന്നിനാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിൽ ഖാസിം സുലൈമാനിയെയും ഇറാഖ് അർധസൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡർ അബൂ മഹ്ദി അൽ-മുഹന്ദിസിനെയും യു.എസ് സൈന്യം വധിച്ചത്.