ദില്ലി: ഇറാന്റെ സഹായത്തോടെ പ്രവർത്തിച്ചിരുന്നുവെന്ന് കരുതുന്ന സിറിയയിയിലെ ഭൂഗർഭ മിസൈൽ നിർമ്മാണ കേന്ദ്രം തകര്‍ത്ത് ഇസ്രായേലി കമാൻഡോകൾ. 120 പേരടങ്ങിയ കമാൻഡോ സംഘമാണ് ഓപ്പറേഷൻ മെനി വേസ് എന്ന പേരിട്ട ഓപ്പറേഷൻ 2024 സെപ്റ്റംബർ 8 ന് നടപ്പിലാക്കിയതെന്ന് ഇസ്രായേൽ അറിയിച്ചു. ഡീപ് ലെയർ എന്നറിയപ്പെടുന്ന ഭൂഗർഭ മിസൈൽ നിർമാണ കേന്ദ്രം സിറിയൻ വ്യോമ പ്രതിരോധത്തിൻ്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന പടിഞ്ഞാറൻ സിറിയയിലെ മസ്യാഫ് പ്രദേശത്തിനടുത്താണ് സ്ഥിതി ചെയ്തിരുന്നത്.
ലെബനനിലെ ഹിസ്ബുള്ളയ്ക്കും സിറിയയിലെ അസദ് ഭരണകൂടത്തിനും മിസൈലുകൾ വിതരണം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു നിർമാണ കേന്ദ്രമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഓപ്പറേഷനിൽ ഇസ്രായേൽ സൈന്യത്തിലെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. 100 ഷാൽദാഗ് കമാൻഡോകളും 20 യൂണിറ്റ് 669 മെഡിക്‌സും നാല് CH-53 യാസുർ ഹെവി ട്രാൻസ്‌പോർട്ട് ഹെലികോപ്റ്ററുകളിലാണ് ഓപ്പറേഷൻ ആരംഭിച്ചത്.
AH-64 ആക്രമണ ഹെലികോപ്റ്ററുകൾ, 21 യുദ്ധവിമാനങ്ങൾ, അഞ്ച് ഡ്രോണുകൾ, 14 രഹസ്യാന്വേഷണ വിമാനങ്ങൾ എന്നിവയുടെ സഹായത്തോടെയായിരുന്നു ഓപ്പറേഷന്‍. സിറിയൻ റഡാർ ഒഴിവാക്കാൻ മെഡിറ്ററേനിയൻ മുകളിലൂടെയാണ് സംഘം എത്തിയത്. കമാൻഡോകൾ മൂന്ന് മണിക്കൂറിനുള്ളിൽ ദൗത്യം പൂർത്തിയാക്കി അതേ ഹെലികോപ്റ്ററിൽ തന്നെ മടങ്ങി. ഓപ്പറേഷനിൽ ഏകദേശം 30 സിറിയൻ ഗാർഡുകളും സൈനികരും കൊല്ലപ്പെട്ടതായി ഐഡിഎഫ് റിപ്പോർട്ട് ചെയ്തു.
വർഷങ്ങൾ നീണ്ട നിരീക്ഷണത്തിനും രഹസ്യാന്വേഷണ ശേഖരണത്തിനും ശേഷമാണ് സ്ഥാപനം റെയ്ഡ് ചെയ്യാൻ ഐഡിഎഫ് തീരുമാനിച്ചത്. പ്രാരംഭ പദ്ധതികൾ വർഷങ്ങൾക്കുമുമ്പ് രൂപപ്പെടുത്തിയെങ്കിലും, 2023 ഒക്ടോബറിൽ ഗാസയിലെ ആക്രമണത്തിന് ശേഷം നടപടി വേഗത്തിലാക്കി.
തെക്കൻ സിറിയയിലെ ജമ്രായയിലെ സയൻ്റിഫിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻ്ററിൽ (CERS) ഭൂഗർഭ റോക്കറ്റ് എഞ്ചിൻ നിർമ്മാണ സൈറ്റിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് 2017 അവസാനത്തോടെയാണ് പുതിയ ഭൂഗർഭ റോക്കറ്റ് നിർമാണ കേന്ദ്രം ആരംഭിച്ചത്. മിസൈൽ ഉൽപ്പാദന ശേഷി സംരക്ഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ നേതൃത്വത്തിൽ നിർമാണം. 2021-ഓടെ, 70 മുതൽ 130 മീറ്റർ വരെ താഴ്ചയിൽ ഭൂഗർഭ സൗകര്യം പ്രവർത്തനക്ഷമമായി.
കുതിരപ്പടയുടെ ആകൃതിയിലുള്ള ഘടനയിൽ മൂന്ന് പ്രാഥമിക പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നുവെന്നും റോക്കറ്റ് ഇന്ധനത്തിനുള്ള മിക്സറുകൾ, മിസൈൽ ബോഡി നിർമ്മാണ മേഖലകൾ, പെയിൻ്റ് മുറികൾ എന്നിവയുൾപ്പെടെ പതിനാറ് പ്രൊഡക്ഷൻ റൂമുകൾ ഉണ്ടായിരുന്നുവെന്നും പറയുന്നു. 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളിൽ എത്താൻ ശേഷിയുള്ള 100 മുതൽ 300 വരെ മിസൈലുകൾ നിർമിച്ചിരുന്നെന്നും ഇസ്രായേലി സൈനിക വൃത്തങ്ങൾ അറിയിച്ചു.
തന്ത്രപരമായി ഇസ്രായേൽ അതിർത്തിയിൽ നിന്ന് 200 കിലോമീറ്റർ വടക്കും സിറിയയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് നിന്ന് 45 കിലോമീറ്റർ അകലെയും സ്ഥിതി ചെയ്യുന്ന ഡീപ് ലെയർ ഫെസിലിറ്റി, ഹിസ്ബുള്ളയിലേക്കുള്ള ഓവർലാൻഡ് ആയുധവാഹനങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ മറികടക്കാനുള്ള മാർഗം ഇറാന് സൗകര്യം ചെയ്തിരുന്നു.