ഇറാൻ സേനയുടെ സൈബർവിങ്ങിനെ ലക്ഷ്യമിട്ട് യു.എസ് ഉപരോധം

news image
Feb 3, 2024, 4:21 am GMT+0000 payyolionline.in

വാഷിങ്ടൺ: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ സൈബർ വിങ്ങിനെ ലക്ഷ്യമിട്ട് ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സി​ന്റെ (ഐ.ആർ.ജി.സി) സൈബർ ഇലക്‌ട്രോണിക് കമാൻഡിലെ ആറ് ഉദ്യോഗസ്ഥർക്കും ഇറാൻ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ സംവിധാനങ്ങൾക്ക് സാമഗ്രികൾ നൽകുന്ന ഇറാൻ, ഹോങ്കോങ് ആസ്ഥാനമായുള്ള വിതരണക്കാരുടെ ശൃംഖലക്കുമാണ് ഉപരോധം ഏർപ്പെടുത്തിയതെന്ന് യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെൻറ് പ്രസ്താവനയിൽ അറിയിച്ചു.

ഇറാഖിലും സിറിയയിലും 80 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഉപരോധപ്രഖ്യാപനം പുറത്തുവിട്ടത്. അതിന് പുറമെ റെവല്യൂഷണറി ഗാർഡിന്റെ എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിന് ധനസഹായം നൽകുന്നുവെന്നാരോപിച്ച് തുർക്കിയ ആസ്ഥാനമായ എണ്ണക്കമ്പനിയുടെ 108 മില്യൺ ഡോളർ പിടിച്ചെടുത്തതായും യു.എസ് അറിയിച്ചു.

ഇസ്രായേലിലടക്കം നിരവധി നിർണായക ​സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ചാണ് ഇറാൻ സൈബർ വിങ്ങിനെതിരായ നടപടി. ഇസ്രായേലി കമ്പനിയായ യൂണിട്രോണിക്സിന്റെ പ്രോഗ്രാമബിൾ ലോജിക് കൺട്രോളർ ഹാക്ക് ചെയ്തതും ജലവിതരണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിൽ സൈബർ ആക്രമണം നടത്തിയതും സൈബർ ഇലക്‌ട്രോണിക് കമാൻഡാണെന്ന് യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെൻറ് പറഞ്ഞു.

നിർണായക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്ന ഇറാൻ സൈബർ ആക്രമണം മനസ്സാക്ഷിയില്ലാത്ത അപകടകരമായ പ്രവൃത്തിയാണെന്ന് യു.എസ് ട്രഷറി ഫോർ ടെററിസം ആൻഡ് ഫിനാൻഷ്യൽ ഇൻറലിജൻസ് അണ്ടർ സെക്രട്ടറി ബ്രയാൻ ഇ നെൽസൺ പറഞ്ഞു. ‘അത്തരം പ്രവൃത്തികൾ അമേരിക്ക വെച്ചുപൊറുപ്പിക്കില്ല. കുറ്റവാളികളെ തടയാൻ ഞങ്ങളുടെ എല്ലാ സംവിധാനവും ഉപയോഗിക്കും’ -ബ്രയാൻ പറഞ്ഞു.

ഖുദ്സ് ഫോഴ്‌സ് കമാൻഡറും ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സി​ന്റെ (ഐ.ആർ.ജി.സി) സൈബർ ഇലക്‌ട്രോണിക് കമാൻഡ് തലവനുമായ ഹമീദ് റെസ ലഷ്ഗേറിയൻ, മഹ്ദി ലഷ്ഗേറിയൻ, ഹമീദ് ഹുമയൂൺ ഫാൽ, മിലാദ് മൻസൂരി, മുഹമ്മദ് ബഗർ, റെസ മുഹമ്മദ് അമീൻ സബേരിയൻ എന്നിവർക്കാണ് ഉപരോധം ​ഏർപ്പെടുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe