ദില്ലി: ഇലക്ടറല്‍ ബോണ്ട് കേസില്‍ തിരിച്ചറയില്‍ നമ്പരടക്കം എല്ലാ വിവരങ്ങളും നല്കാന് എസ്ബിഐക്ക് സുപ്രീംകോടതി നിർദ്ദേശം.കോടതി ആവശ്യപ്പെട്ടാലേ എല്ലാം വെളിപ്പെടുത്തൂ എന്ന് നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.വ്യാഴാഴ്ചക്കകം എല്ലാം വെളിപ്പെടുത്തിയെന്ന് സത്യവാങ്മൂലം നല്‍കാനും കോടതി നിർദ്ദേശിച്ചു.വിധിയുടെ പേരിൽ വേട്ടയാടൽ നടക്കുന്നു എന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍ പറഞ്ഞു.ഹർജിക്കാർ തന്നെ മാധ്യമങ്ങൾ വഴി വിധി വേട്ടയാടലിന് ഉപയോഗിക്കുന്നു.കോടതി ഉത്തരവും നിയമവും നടപ്പാക്കുന്നത് മാത്രമാണ് ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
സീരിയല്‍ നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും . ഇലക്ടറല്‍ ബോണ്ടിന്റെ വിശദാശംങ്ങള്‍ വെളിപ്പെടുത്താന്‍ ഫെബ്രുവരി പതിനഞ്ചിനാണ് സുപ്രീംകോടതി എസ്.ബി.ഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിവരങ്ങള്‍ നല്‍കുന്നത് വൈകിപ്പിക്കാന്‍ സാവകാശം ചോദിച്ച എസ്ബിഐയുടെ അപേക്ഷ തള്ളിയ കോടതി അന്ത്യശാസനം കൊടുത്തതോടയൊണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നത്. ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ , ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍,ഓരോ ബോണ്ടിന്റെയും യുണീക് നമ്പര്‍ എന്നിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ൈകമാറാന്‍ എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടികളുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരുകളും പണം മാറിയെടുത്ത രാഷ്്ട്രീയപാര്‍ട്ടികളുടെ പേരുകളും പുറത്തുവന്നു. പക്ഷേ ബോണ്ടുകളുടെ നമ്പര്‍ എസ്ബിഐ കൈമാറിയിരുന്നില്ല.