ഇലന്തൂർ നരബലി; പ്രതികളെ ഇന്ന് കോടതിയിലെത്തിക്കും, ഷാഫിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

news image
Oct 12, 2022, 3:03 am GMT+0000 payyolionline.in

പത്തനംതിട്ട: കുടുംബ ഐശ്വര്യത്തിനായി എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ  കേസിൽ  അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുക. പത്തനംതിട്ടയിൽ നിന്ന് പ്രതികളുടെ സാന്നിധ്യത്തിൽ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.

 

കടവന്ത്രയിൽ താമസിക്കുന്ന പത്മം, തൃശ്ശൂർ സ്വദേശി  റോസിലി  എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂൺ എട്ടിനും  പത്മത്തെ സെപ്റ്റംബർ 26 നും കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇരുവരുടെയും മൃതദേഹം ഡിഎൻഎ പരിശോധനടക്കം പൂർത്തിയാക്കിയ ശേഷം ആയിരിക്കും ബന്ധുക്കൾക്ക് വിട്ടു നൽകുക. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി  ഇടുക്കി സ്വദേശിയാണ്.

എന്ത് പ്രശ്നങ്ങളും തീർക്കാനുള്ള വഴി തന്‍റെ കൈയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളുമായി പരിചയത്തിലാകുന്നത്. ജ്യോത്സനെന്ന് പരിചയപ്പെടുത്തി മകന്‍റെ അമിത മദ്യപാനം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ചിരുന്നതായി ഷാഫിയുടെ സുഹൃത്തായിരുന്ന ഓമന   വെളിപ്പെടുത്തി. കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച കേസിൽ ഷാഫിക്കൊപ്പം പ്രതിയാണ് ഓമന. ലോട്ടറി വിൽപനക്കാരിയായ ഓമനയെ ലോറി ഡ്രൈവറായിരിക്കുമ്പോഴാണ് ഷാഫി പരിചയപ്പെടുന്നത്. അന്ധവിശ്വാസിയായ ഓമനയുടെ വീട്ടിൽ കുറ്റകൃത്യം നടന്നെങ്കിലും അന്ന് പീഡനത്തിലും കുടുംബങ്ങൾ തമ്മിലുള്ള വൈരാഗ്യത്തിലും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഓമന വഴി കൂടുതൽ സ്ത്രീകളുമായും ഷാഫി ബന്ധം സ്ഥാപിച്ചിട്ടുണ്ടായിരുന്നു.അഞ്ച് മാസം ജയിലിൽ കിടന്ന  ശേഷമാണ് അന്ന് ഷാഫി പുറത്തിറങ്ങിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe