ഇഷ്ടപ്പെട്ട പാട്ടുകൾ കണ്ടെത്താൻ യൂട്യൂബ് മ്യൂസിക് പ്ലേലിസ്റ്റുകളിൽ ഇനി മണിക്കൂറുകളോളം തിരയണ്ട. പ്ലേലിസ്റ്റുകളിൽ നിന്ന് ആവശ്യമുള്ള ട്രാക്കുകൾ വേഗത്തിൽ കണ്ടെത്തി പ്ലേ ചെയ്യാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. ‘ഫൈൻഡ് മൈ പ്ലേലിസ്റ്റ്’ എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. സംഗീത പ്രേമികൾക്ക് സമയം ലാഭിക്കാനും നാവിഗേഷൻ കൂടുതൽ എളുപ്പമാക്കാനും ഇത് വഴി സാധിക്കും.
പ്ലേലിസ്റ്റുകളിലെ പാട്ടുകൾ ഓരോന്നായി സ്ക്രോൾ ചെയ്യാതെ, പാട്ടിന്റെ പേര് ഉപയോഗിച്ച് നേരിട്ട് തിരയാൻ അവസരം നൽകുന്ന ഫീച്ചറാണിത്. സ്വന്തമായി വിപുലമായ മ്യൂസിക് ശേഖരം സൂക്ഷിക്കുന്നവർക്ക് ഇതൊരു വലിയ അനുഗ്രഹമാകും. നിലവിൽ ഈ ഫീച്ചർ വളരെ പരിമിതമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഉപയോക്താക്കൾക്കും എല്ലാ ഡിവൈസുകളിലും ഇത് ലഭ്യമായിട്ടില്ല. നിലവിൽ ഐഫോൺ ഉപയോക്താക്കളിൽ യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പ് ഉള്ളവർക്കാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. ആൻഡ്രോയിഡിയിൽ ഇത് ലഭ്യമായിട്ടില്ല. ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ പോലും, തിരഞ്ഞെടുത്ത ഒരു ഗ്രൂപ്പിന് മാത്രമേ ഓപ്ഷൻ കാണാനോ ഉപയോഗിക്കാനോ കഴിയൂ.
പ്ലേലിസ്റ്റ് പേജിലെ മൂന്ന്-ഡോട്ട് മെനുവിലാണ് ഈ ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്.
- യൂട്യൂബ് മ്യൂസിക് ആപ്പ് തുറക്കുക. അതിൽ നിങ്ങൾക്ക് തിരയേണ്ട ഗാനമുള്ള പ്ലേലിസ്റ്റ് ഏതാണോ അത് തുറക്കുക.
- പ്ലേലിസ്റ്റ് പേജിലുള്ള മൂന്ന്-ഡോട്ട് മെനു ഐക്കണിൽ ടാപ്പ് ചെയ്യുക.
- മെനുവിൽ, (ഷഫിൾ പ്ലേ) ഓപ്ഷന് തൊട്ടുതാഴെയായി ‘ഫൈൻഡ് മൈ പ്ലേലിസ്റ്റ്’ എന്ന പുതിയ ഓപ്ഷൻ കാണാം. അത് തിരഞ്ഞെടുക്കുക.
- ശേഷം സെർച്ച് ബാറിൽ, നിങ്ങൾ പ്ലേ ചെയ്യാൻ ആഗ്രഹിക്കുന്ന പാട്ടിന്റെ പേര് ടൈപ്പ് ചെയ്യുക. തിരച്ചിൽ ഫലങ്ങളിൽ നിന്ന് ട്രാക്ക് തിരഞ്ഞെടുക്കുക. അപ്പോൾത്തന്നെ പ്ലേബാക്ക് ആരംഭിക്കുന്നതാണ്.
ഈ ഫീച്ചർ എന്ന് മുതൽ ആൻഡ്രോയിഡ് ഫോണുകളിൽ ഈ ഫീച്ചര്‍ പുറത്തിറക്കുന്ന തീയതിയോ വിശാലമായ ഒരു റോൾഔട്ടോ യൂട്യൂബ് അധികൃതര്‍ പുറത്തിറക്കിയിട്ടില്ല. അധികം വൈകാതെ എല്ലാ യൂട്യൂബ് മ്യൂസിക് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് സംഗീത പ്രേമികൾ.
