അങ്കാറ: ഇസ്രയേലുമായി യുദ്ധം തുടരവേ ഹമാസിനു പിന്തുണയുമായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ. ഹമാസ് തീവ്രവാദ സംഘടനയല്ലെന്നും വിമോചന സംഘടനയാണെന്നും സ്വന്തം ഭൂപ്രദേശത്തെ സംരക്ഷിക്കാനായാണു പോരാടുന്നതെന്നും എർദൊഗാൻ പറഞ്ഞു. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് പ്രതികരണം.
‘‘ഇസ്രയേലും ഹമാസും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം. മേഖലയിൽ സമാധാനം കൈവരിക്കുന്നതിനായി മുസ്‍ലിം രാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കണം. ഗാസയിൽ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ ലോകശക്തികൾ സമ്മർദം ചെലുത്തണം’’– എർദൊഗാൻ ആവശ്യപ്പെട്ടു.
ഇസ്രയേലിലേക്കു താൻ പോവില്ലെന്നും തുർക്കിയുടെ സദുദ്ദേശ്യത്തെ ഇസ്രയേൽ മുതലെടുത്തെന്നും എർദൊഗാൻ കുറ്റപ്പെടുത്തി. മാനുഷിക സഹായങ്ങൾക്കായി റഫ അതിർത്തി തുറക്കണം. തടവുകാരെ രണ്ടു ഭാഗത്തുനിന്നും ഉടൻ കൈമാറ്റണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സംഘടനയ്ക്കു കഴിയാത്തതിൽ എർദൊഗാൻ നിരാശ പ്രകടിപ്പിച്ചു.