ദില്ലി: ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ മരണം 600 കടന്നു. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തി.
അക്ഷരാർത്ഥത്തിൽ ഗാസയ്ക്കു മേൽ തീ മഴ പെയ്ത രാത്രിയാണ് കടന്നുപോയത്. ബഹുനില കെട്ടിടങ്ങൾ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നിലംപൊത്തി. 429 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും ഇക്കൂട്ടത്തിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങൾ അടക്കം ഉണ്ടെന്നും ഇസ്രയേൽ. ഗാസ മുനമ്പിലെ പരിമിത സൗകര്യങ്ങൾ മാത്രമുള്ള ആശുപത്രികളിൽ മതിയായ മരുന്നോ ചികിത്സയോ ഇല്ലാതെ മുറിവേറ്റവർ നിര്‍ക്കുന്ന ദുരന്ത കാഴ്ചയാണ് ഇസ്രയേലില്‍ നിന്ന് പുറത്ത് വരുന്നത്. ഗാസയിലെ ഏഴ് മേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതിനുശേഷം രണ്ടാം ഘട്ട ആക്രമണത്തിലൂടെ ഹമാസ് കേന്ദ്രങ്ങൾ തരിപ്പണം ആക്കുകയാണ് ലക്ഷ്യം.