ബംഗളൂരു: ഇൻഡ്യ മുന്നണി ഹിന്ദു ശക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവമൊഗ്ഗ ഫ്രീഡം പാർക്കിൽ അല്ലാമ പ്രഭു മൈതാനിയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഡ്യ മുന്നണി ‘ശക്തി’യെ ഇല്ലാതാക്കുമെന്ന് പറയുമ്പോൾ അതിനെ ആരാധിക്കുമെന്നതാണ് നമ്മുടെ പ്രഖ്യാപനം.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയെങ്കിലും കോൺഗ്രസുകാർ ആ മനസ്സ് ഇപ്പോഴും കൊണ്ടുനടക്കുന്നു. മതത്തിന്റെ പേരിൽ വിഭജിക്കാനാണ് ശ്രമം. രാജ്യത്തെ വിഭജിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് എം.പിയെ ഇപ്പോഴും അവർ സംരക്ഷിക്കുന്നു.
അത്തരം പാർട്ടികളെ തുടച്ചുനീക്കണം. രാജ്യത്തുനിന്ന് ദാരിദ്ര്യവും തീവ്രവാദവും തുടച്ചുനീക്കാൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 400 സീറ്റ് സമ്മാനിക്കണമെന്നും മോദി ജനങ്ങളോട് അഭ്യർഥിച്ചു. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ഡോ. രാധാ മോഹൻദാസ് അഗർവാൾ, ലോക്സഭ സ്ഥാനാർഥി ബി.വൈ. രാഘവേന്ദ്ര, ഗായത്രി സിദ്ധേശ്വർ, ഡാക്ക ബ്രിജേഷ് ചൗട്ട, കോട്ട ശ്രീനിവാസ് പൂജാരി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി. സുനിൽ കുമാർ, മുൻ മന്ത്രി സി.ടി. രവി, സംസ്ഥാന വൈസ് പ്രസിഡന്റ് ഹരതാലു ഹാലപ്പ, സംസ്ഥാന സെക്രട്ടറിമാരായ ഡി.എസ്. അരുൺ, എം.എൽ.എമാർ, എം.എൽ.സിമാർ തുടങ്ങിയവർ പങ്കെടുത്തു.