ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ച് ഫോട്ടോകളിലും വിഡിയോകളിലും ഒരാളുടെ മുഖത്തിന് പകരം മറ്റൊരാളുടെ മുഖം ചേർക്കാൻ കഴിയുന്ന പുതിയ ഫീച്ചർ (ഫേസ് സ്വാപ്പ്) അവതരിപ്പിക്കാൻ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇൻസ്റ്റഗ്രാമിൽ നിലവിലുള്ള ‘അവതാറുകൾ’ക്ക് പുറമെ, ‘ലൈക്നസ്’ എന്ന പേരിൽ ഉപയോക്താക്കളുടെ എ.ഐ പതിപ്പുകൾ നിർമിക്കാനുള്ള സൗകര്യം കൊണ്ടുവന്നേക്കും. ഇത് സാധാരണ അവതാറുകളെക്കാൾ കൂടുതൽ കൃത്യതയുള്ളതും ഫോട്ടോ/ വിഡിയോ എഡിറ്റിങ്ങിന് അനുയോജ്യവുമാണ്.
ഫേസ് സ്വാപ്പിങ് ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ മുഖത്തിന് പകരം സുഹൃത്തുക്കളുടെയോ മറ്റോ മുഖം മാറ്റിച്ചേർക്കാൻ സാധിക്കും. എന്നാൽ ഇതിന് അതാത് വ്യക്തികളുടെ മുൻകൂർ അനുമതി ആവശ്യമാണ്. ഒരാളുടെ ലൈക്നസ് (മുഖം) ഉപയോഗിക്കണമെങ്കിൽ ഇൻസ്റ്റഗ്രാം വഴി അവർക്ക് റിക്വസ്റ്റ് അയക്കണം. അവർ അനുവാദം നൽകിയാൽ മാത്രമേ ഫോട്ടോകളിലോ വിഡിയോകളിലോ ആ വ്യക്തിയുടെ മുഖം ചേർക്കാൻ കഴിയൂ. ദുരുപയോഗം തടയുന്നതിനാണ് ഈ സുരക്ഷാ ക്രമീകരണം.
മെറ്റ തങ്ങളുടെ ആപ്പുകളിൽ (വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം) സബ്സ്ക്രിപ്ഷൻ പ്ലാനുകൾ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. അതിനാൽ പുതിയ ഫീച്ചർ സൗജന്യമായിരിക്കുമോ അതോ പണം നൽകി ഉപയോഗിക്കേണ്ടി വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രശസ്ത ടെക് ടിപ്സ്റ്ററായ അലസ്സാൻഡ്രോ പാലുസി ആണ് ഇൻസ്റ്റഗ്രാമിന്റെ പുതിയ നീക്കം പുറത്തുവിട്ടത്. മെറ്റ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആപ്പിന്റെ കോഡിങ്ങിൽ വന്ന മാറ്റങ്ങൾ അടിസ്ഥാനമാക്കിയാണ് വിവരം പുറത്തുവന്നത്.
ഓപൺ എ.ഐയുടെ ‘സോറ’ പോലുള്ള ആധുനിക എ.ഐ ടൂളുകൾ പിന്തുടരുന്ന അതേ സുരക്ഷാ രീതിയാണ് ഇൻസ്റ്റഗ്രാമും സ്വീകരിക്കുന്നത്. മുമ്പ് പ്രശസ്ത വ്യക്തികളുടെ എ.ഐ ചാറ്റ് ബോട്ടുകൾ മെറ്റ അവതരിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചിരുന്നു. പുതിയ ഫേസ് സ്വാപ്പ് ഫീച്ചർ ഇൻസ്റ്റഗ്രാം റീൽസിലും ഫോട്ടോകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
