പത്തനംതിട്ട: മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമാണെന്ന നിലപാടിലുറച്ച് ഇ.ഡി. ഈ വിഷയത്തിൽ മാറ്റമില്ലെന്ന് ഇന്ന് ഹൈക്കോടതിയില്‍ ഇ.ഡി അറിയിച്ചു. ഇതിനു പിന്നാലെ പ്രതികരണവുമായി തോമസ് ഐസക്. വിരട്ടാൻ നോക്കണ്ടായെന്നും പൗരന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പോരാടുന്നതെന്നും തോമസ് ഐസക് പറഞ്ഞു. എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് പറയട്ടെ. വിരട്ടാമെന്ന് വിചാരിക്കണ്ട. നിയമ പോരാട്ടം തുടരും.
ഡൽഹിയിൽ ഇരിക്കുന്ന ആരുടെയെങ്കിലും ആഗ്രഹം കാരണമാകും തന്റെ പിന്നാലെ ഇ.ഡി വരുന്നതെന്നും തോമസ് ഐസക് ആരോപിച്ചു. മസാല ബോണ്ട് കേസില്‍ ഇഡിയുടെ അന്വേഷണ നടപടികളില്‍ കോടതി സ്റ്റേ നൽകിയിട്ടില്ല. ഇതോടെ ഐസക്കിന് വീണ്ടും ഇ.ഡി സമന്‍സ് അയച്ചിരുന്നു. മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നത് പ്രധാനമാണെന്നാണ് ഇ.ഡി ഇന്ന് കോടതിയെ അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ ഇ.ഡി സത്യവാങ്മൂലവും സമര്‍പ്പിച്ചു. ഇ.ഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങൾക്കു മുന്നിൽ കോടതിയെയും അധികാരികളെയും വെല്ലുവിളിക്കുകയാണെന്നും അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിന്റെ മൊഴിയെടുക്കണമെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചു.