ഇ.പിയെ ഭീഷണിപ്പെടുത്തി പാലക്കാട് എത്തിച്ച സി.പി.എം അദ്ദേഹത്തെ വീണ്ടും അപമാനിക്കുന്നു -വി.ഡി. സതീശൻ

news image
Nov 14, 2024, 8:23 am GMT+0000 payyolionline.in

പാലക്കാട്: എല്‍.ഡി.എഫ് സ്ഥാനാർഥിയെക്കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞ ഇ.പി ജയരാജനെ സി.പി.എം ഭീഷണിപ്പെടുത്തിയാണ് പാലക്കാട് എത്തിച്ച് അദ്ദേഹം എഴുതിയതിന് എതിരായി സംസാരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇ.പി ജയരാജനെ സി.പി.എം നേതൃത്വം വീണ്ടും അപമാനിക്കുകയാണ്. നല്ല കമ്മ്യൂണിസ്റ്റുകാരും പാലക്കാട്ട് യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി എം.ബി രാജേഷും അളിയനും ചേര്‍ന്നുണ്ടാക്കി നാടകളെല്ലാം ഏഴുനിലയില്‍ പൊട്ടി. സ്ഥാനാര്‍ത്ഥിയെക്കൊണ്ട് സി.പി.എം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ. പിണറായി വിജയന്‍ കഴിഞ്ഞാല്‍ എം.വി ഗേവിന്ദനേക്കാള്‍ സീനിയര്‍ നേതാവാണ് ഇ.പി ജയരാജന്‍. സി.പി.എം ഇ.പി ജയരാജനെ വീണ്ടും അപമാനിക്കുകയാണ്. പുസ്തകം എഴുതിയത് ഇ.പി തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാം. തിരഞ്ഞെടുപ്പ് ആയതു കൊണ്ടാണ് ഇ.പിയും സി.പി.എമ്മും കള്ളം പറഞ്ഞത്. പുസ്തകം പുറത്താക്കിയത് പാര്‍ട്ടിയിലെ ഇ.പിയുടെ മിത്രങ്ങളാണോ ശത്രുക്കളാണോ എന്നു മാത്രം അന്വേഷിച്ചാല്‍ മതി.

പി.പി ദിവ്യ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് എം.വി ഗോവിന്ദന്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയെ ജയിലിലേക്ക് പറഞ്ഞുവിട്ടത്. ആന്തൂര്‍ സാജന്റെ മരണത്തിന് കാണക്കാരിയെന്ന ആരോപണം നേരിട്ടയാളാണ് ശ്യാമള ഗോവിന്ദന്‍. അതുപോലെ നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരിയാണ് പി.പി ദിവ്യ. രണ്ടു കുടുംബനാഥന്‍മാര്‍ ആത്മഹത്യ ചെയ്യുന്നതിന് കാരണക്കാരായ രണ്ടു പേരും തമ്മില്‍ ജയില്‍ മുറ്റത്തുവച്ച് നടത്തിയ സംഗമം കേരള രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വസംഗമമായി അടയാളപ്പെടുത്തേണ്ടതാണ്.

വയനാട്ടില്‍ ഭൂരിപക്ഷം കുറയുമെന്ന് കരുതുന്നില്ല. മത്സരിച്ചിട്ടു കാര്യമില്ലെന്നു കരുതിയ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരാണ് വോട്ട് ചെയ്യാന്‍ എത്താതിരുന്നത്. ഞങ്ങളുടെ വോട്ടര്‍മാരെല്ലാം വോട്ട് ചെയ്തിട്ടുണ്ട്. എന്തെങ്കിലും കുറവുണ്ടോയെന്ന് പരിശോധിക്കും. നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഒരിക്കലും സി.പി.എമ്മിന് വോട്ട് ചെയ്യില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേതു പോലെ സി.പി.എം വോട്ടുകളും യു.ഡി.എഫിന് ലഭിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe