ന്യൂഡൽഹി: അംഗങ്ങൾക്ക് വേഗത്തിലും ലളിതമായും ഇടപാടുകൾ നടത്താനുള്ള സമഗ്രമാറ്റത്തിന് തുടക്കം കുറിക്കുന്ന ഇ.പി.എഫ്.ഒ 3.0 പരിഷ്‍കരണം ഉടൻ പ്രാബല്യത്തിൽ വരും. പരിഷ്‍കരണം ഈ വർഷം തന്നെ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ എക്സിൽ കുറിച്ചു. ഈ വർഷം ജൂണിൽ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം സാധിച്ചില്ല.
ഇത്തരത്തിലുള്ള ഡിജിറ്റൽ പരിഷ്‍കരണത്തോടെ പി.എഫ് സർവീസ് കൂടുതൽ സുതാര്യവും എളുപ്പത്തിലും വേഗത്തിലുമാക്കാനാണ് ഇ.പി.എഫ്.ഒ(എംപ്ലോയീസ് ഓഫ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) ലക്ഷ്യമിടുന്നത്. ഏതാണ്ട് എട്ട് കോടി പി.എഫ് ഉപയോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ഡിജിറ്റലിലേക്കുള്ള ചുവടുമാറ്റത്തിൽ ഐ.ടി കമ്പനികളായ ഇൻഫോസിസ്, വിപ്രോ, ടി.സി.എസ് എന്നിവയുടെ സഹകരണം തേടിയിട്ടുണ്ട്.
ഇ.പി.എഫ്.ഒ 3.0 യുടെ ഏറ്റവും വലിയ ഗുണം എ.ടി.എമ്മുകൾ വഴി നേരിട്ട് പി.എഫ് തുക പിൻവലിക്കാനാകും എന്നതാണ്. ഇതിനായി അംഗങ്ങൾ യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ ആക്ടിവേറ്റ് ചെയ്യുകയും ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട് ഉറപ്പാക്കുകയും വേണം. എ.ടി.എം ഇടപാട് പ്രാബല്യത്തിൽ വരുന്നതോടെ പെട്ടെന്ന് പണം ആവശ്യമായി വരുമ്പോൾ ഇ.പി.എഫ്.ഒക്ക് അപേക്ഷ നൽകി ആഴ്ചകളോളം കാത്തിരിക്കേണ്ടി വരില്ല.
അതുപോലെ യു.പി.ഐ വഴിയും നമുക്ക് പണം പിൻവലിക്കാൻ സാധിക്കും. നിസ്സാര അപാകതകൾ പരിഹരിക്കാനും ക്ലെയിം അപ്ഡേറ്റ്സുകൾക്കും ഇനി ഇ.പി.എഫ്.ഒ ഓഫിസുകൾ കയറി ഇറങ്ങേണ്ടിയും വരില്ല. ഒ.ടി.പിയുടെ സഹായത്താൽ അംഗങ്ങൾക്ക് സ്വയം തെറ്റുകൾ തിരുത്താൻ. ഓൺലൈൻ വഴി ക്ലെയിം സ്റ്റാറ്റസ് മനസിലാക്കുകയും ചെയ്യാം.
പുതിയ സമ്പ്രദായത്തിൽ ഡെത്ത് ക്ലെയിമുകളും അതിവേഗം തീർപ്പാക്കാൻ സാധിക്കും. മൈനർമാർട്ട് ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റുകളും വേണ്ടിവരില്ല. അതോടെ അംഗം മരിച്ചാൽ നോമിനിക്ക് പി.എഫ് തുക എളുപ്പത്തിൽ ലഭിക്കും.
അത്യാവശ്യസാഹചര്യങ്ങളിൽ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് വഴി പി.എഫിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയാക്കിയിട്ടുമുണ്ട്. വിദ്യാഭ്യാസം, രോഗാവസ്ഥ, വിവാഹം, വീടുനിർമാണം തുടങ്ങിയ സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ നേരിട്ട് പിൻവലിക്കാവുന്ന തുകയുടെ പരിധിയാണ് ഉയർത്തിയത്.
ചുരുക്കത്തിൽ ഇ.പി.എഫ്.ഒ 3.0 വരുന്നതോടെ ഒരു മൊബൈൽ ഫോൺ ഉപയോഗിച്ച് ആർക്കും എവിടെ വെച്ചും എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ സാധിക്കും.