കോഴിക്കോട്: ഈട്ടി മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കോതമംഗലം ഡിവിഷനിലെ കാളിയാർ റെയിഞ്ചിലെ മുണ്ടൻമുടി അച്ചൻ കവലക്ക് സമീപം കൈവശ സ്ഥലത്തുനിന്നുമാണ് ഈട്ടി മരങ്ങൾ വെട്ടിക്കടത്തിയ കേസിലാണ് നടപടിയെടുത്ത് വനംവകുപ്പ് ഉത്തരവിറക്കിയത്.
ഇതുമായി ബന്ധപ്പെട്ട വനം വകുപ്പിലെ സെക്ഷൻ ഓഫീസർ പി.കെ. അനീഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജിൻസ് എം. ജോൺ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണ നടത്തി നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ഇരുവരും ഇതിനെതിരെ പുനഃപരിശോധന ഹർജി നൽകിയിരുന്നു.
അത് പരിഗണിക്കുകയും ഇവരുവരെയും നേരിൽ കേൾക്കുകയും ചെയ്തു. ഈട്ടി മരങ്ങൾ മുറിച്ച് കടത്തിയ സ്ഥലങ്ങൾ കൈവശ വനിഭൂമിയായ കൃഷിഭൂമിയാണ്. റിസർവ് വനം പോലെ നിതാന്ത നിരീക്ഷണത്തിൽ അല്ലാത്ത പ്രദേശമാണ്. അതിനാൽ പ്രോസിക്യൂഷൻ രേഖകളും ഡിഫൻസ് രേഖകളും പരിശോധിച്ചു. പ്രോസിക്യൂഷൻ സാക്ഷിയെ വിസ്തരിച്ചതിൽ നിന്നും ഈട്ടി മരങ്ങൾ മുറിച്ച് കടത്തിയ കേസുകളിലെ മുഴുവൻ പ്രതികളെയും കണ്ടെത്തിയെന്ന് വ്യക്തമായി. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
അതിനാൽ ഈ ഉദ്യോഗസ്ഥരിൽനിന്ന് 12,234 രൂപ വീതം ഈടാക്കാനും ചട്ടപ്രകാരം ഒരു വാർഷിക വേദന വർധനവ് ഒരു വർഷത്തേക്ക് തടഞ്ഞും ആണ് ഉത്തരവ്. ശമ്പളത്തിൽ നിന്നോ മറ്റ് ആനു കൂല്യങ്ങളിൽ നിന്നോ ഈ തുക ഈടാക്കണം. മഹസർ പ്രകാരം 92,700 രൂപ വിലവരുന്ന മരങ്ങളാണ് മുറിച്ച് കടത്തിയത്. അതിൽ 56,000 രൂപ വിലവരുന്ന തൊണ്ടി തടി കണ്ടെത്തിരുന്നു. വനം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ റിപ്പോർട്ടിന്റെയും പി.എസ്.സിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.