കോഴിക്കോട്: വായനാദിനാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികവർഗ വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘അക്ഷരോന്നതി’ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഈസ്റ്റ് ഹിൽ പ്രീമെട്രിക് ഹോസ്റ്റലിൽ “കഥ പറയാം കാതോർക്കാം” എന്ന പേരിൽ വായനാസദസ് സംഘടിപ്പിച്ചു. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ വായനാശീലവും പുസ്തകങ്ങളോടുള്ള താൽപര്യവും വളർത്തുക, വായനയുടെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ നിർവ്വഹിച്ചു.

കുട്ടികൾക്കായി മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ പുസ്തകങ്ങളെയും ചരിത്രത്തിലെ മറ്റ് പ്രമുഖ വ്യക്തിത്വങ്ങളെയും പരിചയപ്പെടുത്തുന്ന പ്രത്യേക “പുസ്തകപരിചയം” സെഷനും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദാണ് പുസ്തകപരിചയ ക്ലാസിന് നേതൃത്വം നൽകിയത്. ഹോസ്റ്റലിലെ 52 വിദ്യാർത്ഥികളും ജീവനക്കാരും വായനാസദസിന്റെ ഭാഗമായി.
ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ നജില ഉബൈദുള്ള, കോഴിക്കോട് പട്ടികവർഗ വികസന വകുപ്പ് ഹെഡ് ക്ലാർക്ക് എ. പോൾസൺ, ആർ.ജി.എസ്.എ. ജില്ലാ പ്രോഗ്രാം മാനേജർ എം.എസ്. വിഷ്ണു, വാർഡൻ കെ.ടി.കെ. നിതുഷാ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആർ.ജി.എസ്.എ. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പേർട്ട് അഞ്ജന സ്വാഗതം ആശംസിച്ച ചടങ്ങിൽ ആർ.ജി.എസ്.എ. ബാലുശ്ശേരി ബ്ലോക്ക് കോ-ഓർഡിനേറ്റർ ഷർജിന നന്ദി പ്രകാശപ്പിച്ചു.
