ഈ ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഉടന്‍ അപ്രത്യക്ഷമാകും; നിങ്ങളുടെ ഫോണുണ്ടോ എന്ന് പരിശോധിക്കാം

news image
Dec 28, 2024, 7:48 am GMT+0000 payyolionline.in

തിരുവനന്തപുരം: 2025 ജനുവരി 1 മുതല്‍ പഴയ വേര്‍ഷനുകളിലുള്ള ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ലഭിക്കില്ല. കിറ്റ്‌കാറ്റോ അതിലും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്‌ഡ് ഫോണുകളിലാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാവുക. ഒരുകാലത്ത് പ്രതാപകാരികളായിരുന്ന സാംസങ് ഗ്യാലക്‌സി എസ്3, എച്ച്‌ടിസി വണ്‍ എക്സ് തുടങ്ങിയ ഫോണുകളില്‍ നിന്നെല്ലാം വാട്‌സ്ആപ്പ് പുതുവത്സര ദിനത്തില്‍ അപ്രത്യക്ഷമാകും.

പഴയ ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ നിന്ന് 2025 ജനുവരി ഒന്നോടെ വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ പിന്‍വലിക്കാനൊരുങ്ങുകയാണ് മെറ്റ. ആന്‍ഡ്രോയ്‌ഡിന്‍റെ കിറ്റ്‌കാറ്റ്, അതിന് മുമ്പുള്ള വെര്‍ഷനുകള്‍ എന്നീ ഒഎസുകളിലുള്ള ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് അപ്രത്യക്ഷമാകും. ഇത്തരം പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ വാട്‌സ്ആപ്പ് ലഭിക്കാന്‍ പുത്തന്‍ ഡിവൈസുകള്‍ വാങ്ങുക മാത്രമേ പരിഹാരമുള്ളൂ. വാട്‌സ്ആപ്പിലേക്ക് മെറ്റ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന അനവധി പുത്തന്‍ ഫീച്ചറുകള്‍ പഴയ ആന്‍ഡ്രോയ്‌ഡ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കില്ല എന്നതാണ് അത്തരം ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കുന്നത് അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിക്കാനുള്ള കാരണം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയിലുള്ള മെറ്റ എഐ അടക്കം അടുത്തിടെ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.

2013ല്‍ അവതരിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയ്‌ഡ് കിറ്റ്‌കാറ്റ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ ഗൂഗിള്‍ ഈ വര്‍ഷം ആദ്യം അവസാനിപ്പിച്ചിരുന്നു. ഐഒഎസ് 15.1 മുതല്‍ പിന്നോട്ടുള്ള ഐഫോണുകളിലെ വാട്‌സ്ആപ്പിന്‍റെ പ്രവര്‍ത്തനവും 2025ല്‍ അവസാനിക്കും. എന്നാല്‍ ഇതിന് 2025 മെയ് 5 വരെ സമയമുണ്ട്.

വാട്‌സ്ആപ്പ് നഷ്‌ടമാകുന്ന പ്രധാന ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍

സാംസങ് ഗ്യാലക്‌സി എസ്3, സാംസങ് ഗ്യാലക്‌സി നോട്ട് 2, സാംസങ് ഗ്യാലക്സി എസ്4 മിനി, മോട്ടോറോള മോട്ടോ ജി (ഒന്നാം ജനറേഷന്‍), മോട്ടോറോള റേസര്‍ എച്ച്‌ഡി, മോട്ടോ ഇ 2014, എച്ച്‌ടിസി വണ്‍, എച്ച്‌ടിസി വണ്‍ എക്‌സ്+, എച്ച്‌ടിസിഡിസൈര്‍ 500, എച്ച്‌ടിസിഡിസൈര്‍ 601, എല്‍ജി ഒപ്റ്റിമസ് ജി, എല്‍ജി നെക്സസ് 4, എല്‍ജി ജി2 മിനി, എല്‍ജി എല്‍90, സോണി എക്‌സ്പീരിയ സ്സെഡ്, സോണി എക്‌സ്പീരിയ എസ്പി, സോണി എക്‌സ്പീരിയ ടി, സോണി എക്‌സ്പീരിയ വി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe