ഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്കരണത്തിനായി സമിതി: പോഷക മൂല്യം ഉറപ്പുവരുത്തുമെന്നും മന്ത്രി

news image
Apr 9, 2025, 3:54 am GMT+0000 payyolionline.in

തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്കരണത്തിനായി സമിതിയെ നിയോഗിച്ചതായി മന്ത്രി വി. ശിവൻകുട്ടി. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഏകദേശം 17,313 മെട്രിക് ടൺ അരിയാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. ഉച്ചഭക്ഷണ പദ്ധതി മികച്ച രീതിയിൽ ആണ് കേരളം നടപ്പാക്കുന്നത്. അച്ചാറോ രസമോ മാത്രം ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നതിന്റെ കാലം കടന്നുപോയെന്നും മന്ത്രി പറഞ്ഞു. ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി NABL അംഗീകൃത ലാബുകളിൽ പരിശോധന സംവിധാനം നടപ്പാക്കി. കൂടാതെ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടക്കം പിന്തുണയോടെ 2,200 സ്‌കൂളുകളിൽ പ്രഭാതഭക്ഷണവും നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി വിശേഷമായ നേട്ടങ്ങൾ കൈവവരിക്കാൻ കേരളത്തിനായി.

 

9,666 സ്‌കൂളുകളിൽ അടുക്കള തോട്ടങ്ങൾ ഒരുക്കി. പാചകത്തിനായി ഗ്യാസ് കണക്ഷനുകൾ ഉൾപ്പെടുത്തിയതോടെ കൂടുതൽ ശുചിത്വമുള്ള പാചകശാലകൾ ഉറപ്പാക്കി. ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് പരിശീലനവും, ഓണറേറിയം വർധനയും, അവധിക്കാലത്തിൽ പ്രതിമാസ ധനസഹായവും ലഭ്യമാക്കുന്നു. പദ്ധതിയുടെ സാമൂഹ്യ ഓഡിറ്റ് ആരംഭിച്ചു. സംസ്ഥാനതലത്തിൽ ആദ്യമായി പാചകതൊഴിലാളികളുടെ പാചക മത്സരം നടത്തി. സമഗ്ര ഗുണമേൻമാ പദ്ധതിയുടെ ഭാഗമായുള്ള അധിക പിന്തുണാ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കേന്ദ്രാനുമതി ലഭിച്ചു കഴിഞ്ഞാൽ സ്‌കൂൾ ഉച്ച ഭക്ഷണത്തിനായി കേരളത്തിലെ കർഷകരിൽ നിന്നും ശേഖരിക്കുന്ന ചുവന്ന അരി നൽകാൻ കഴിയുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇതിനാവശ്യമായ നടപടിക്രമങ്ങൾ സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി മേയർ പി.കെ. രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ്. ഷിബു, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സപ്ലൈകോ റീജിയണൽ മാനേജർ എ. സജാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജു, പി.ടി.എ പ്രസിഡന്റ് അജിത് കുമാർ, മദർ പി.ടി.എ വി. വിജി, പ്രിൻസിപ്പൽ ഡോ. കെ ലൈലാസ്, എസ്.എം.സി ചെയർപേഴ്സൺ സജയ് നാരായണൻ, ഹെഡ്മിസ്ട്രസ്സ് ലിൻഡാ മാത്യു എന്നിവർ സംബന്ധിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe