തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ കേരളത്തെ വിമർശിച്ച് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്രവിഹിതമായി നേരത്തേ കൈമാറിയ 132.90 കോടി രൂപ സംസ്ഥാന വിഹിതമായ 76.78 കോടിയും ചേർത്ത് ഉച്ചഭക്ഷണ പദ്ധതിക്കായുള്ള സ്റ്റേറ്റ് നോഡൽ അക്കൗണ്ടിലേക്ക് മാറ്റിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം ‘എക്സ്’ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. ഈ തുക ട്രഷറി അക്കൗണ്ടിൽനിന്ന് സ്റ്റേറ്റ് നോഡൽ അക്കൗണ്ടിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും പോസ്റ്റിൽ പറയുന്നു. തുക മാറ്റുന്നതുവരെ തുടർന്നുള്ള വിഹിതത്തിന് സംസ്ഥാനം അർഹരല്ല. ഇക്കാര്യം കഴിഞ്ഞ ആഗസ്റ്റ് എട്ടിന് ഇ മെയിൽ വഴിയും നേരിട്ടുള്ള യോഗത്തിലും അറിയിച്ചിട്ടുണ്ട്. തുടർന്നുള്ള വിഹിതം അനുവദിക്കാൻ സംസ്ഥാനം ഇത് പാലിക്കണമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ ടാഗ് ചെയ്തുള്ള പോസ്റ്റിൽ പറയുന്നു. ആഗസ്റ്റ് എട്ടിന് അയച്ച ഇ മെയിലിന്റെ പകർപ്പും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.
ധനകാര്യ മന്ത്രാലയത്തിന്റെ മാർഗരേഖ പ്രകാരം കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രവിഹിതം സംസ്ഥാനങ്ങൾ നിർബന്ധമായും നിശ്ചിത പദ്ധതിക്കായുള്ള സ്റ്റേറ്റ് നോഡൽ അക്കൗണ്ടിലേക്ക് മാറ്റണമെന്നും കേന്ദ്രം നേരത്തേ അനുവദിച്ച തുക ഇപ്രകാരം മാറ്റിയിട്ടില്ലെന്നും ഇ മെയിലിൽ ചൂണ്ടിക്കാട്ടി. 2021-22 വർഷത്തിൽ കേന്ദ്രം അനുവദിച്ച 132.90 കോടി രൂപക്ക് പകരമായുള്ള വിഹിതത്തിൽ 89.58 കോടി രൂപ ചെലവഴിച്ചതായി കാണുന്നില്ല. ഈ തുക സംസ്ഥാനം അക്കൗണ്ടിലേക്ക് കൈമാറിയിട്ടുമില്ല. കേന്ദ്രവിഹിതത്തിന് പലിശയിനത്തിൽ ലഭിക്കുന്ന 20.19 കോടി രൂപയും സംസ്ഥാനം നിക്ഷേപിച്ചിട്ടില്ല. പലിശയിനത്തിലുള്ള തുക കേന്ദ്രസർക്കാർ ഫണ്ടിലേക്ക് എത്രയും പെട്ടെന്ന് നിക്ഷേപിക്കണമെന്നും കത്തിൽ പറയുന്നു. ഇതു പാലിച്ചാൽ മാത്രമേ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അടുത്ത ഗഡു തുക അനുവദിക്കുകയുള്ളൂവെന്നും കത്തിൽ സൂചിപ്പിച്ചു. 2021 -22 വർഷത്തിലെ അവസാന ഗഡു തുക പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനുവദിച്ചില്ലെന്നും 2022 മാർച്ച് 30നാണ് തുക അനുവദിച്ചതെന്നും കഴിഞ്ഞ ദിവസം മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. തുക വൈകിയതിനാലുള്ള പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രവിഹിതം ലഭിക്കുന്ന മുറയ്ക്ക് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ തുക മുൻകൂറായി ധനവകുപ്പിൽനിന്ന് വാങ്ങി ചെലവഴിച്ചിരുന്നു.
കേന്ദ്രം തുക അനുവദിച്ചപ്പോൾ ഈ തുക ധനവകുപ്പ് തിരികെയെടുത്തു. എന്നാൽ, കേന്ദ്രം അനുവദിച്ച തുക സംസ്ഥാന വിഹിതവും ചേർത്ത് സ്റ്റേറ്റ് നോഡൽ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെന്നാണ് കേന്ദ്ര വാദം. പ്രതിസന്ധി പരിഹരിക്കാൻ തുക വീണ്ടും നോഡൽ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ധനമന്ത്രി അനുമതി നൽകിയിട്ടുണ്ട്.
സ്കൂൾ ഉച്ചഭക്ഷണം മുടങ്ങില്ല, കേന്ദ്രത്തിന്റേത് അർധസത്യം -മന്ത്രി
കൊച്ചി: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിക്ക് തടസ്സം നില്ക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം അര്ധസത്യമാണെന്നും കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിലും ഉച്ചഭക്ഷണം മുടങ്ങില്ലെന്നും മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതിയിൽ 40 ശതമാനം തുകയാണ് കേരളം നൽകുന്നത്. 170.59 കോടി രൂപ കേന്ദ്ര സർക്കാർ നൽകേണ്ടതുണ്ട്. ഇത് ലഭിക്കുമ്പോൾ സംസ്ഥാന സർക്കാർ 97.89 കോടി രൂപയും നൽകണം. എന്നാൽ, കേന്ദ്ര വിഹിതമായ 416.43 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നുവെന്നും 2021-22 വർഷത്തെ കുടിശ്ശിക വിഹിതമായ 132.90 കോടി രൂപ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ഇത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.