ഉടമ ഉംറയ്ക്ക് പോയി; താമരശ്ശേരിയിലെ വീട്ടിൽ നിന്ന് സൗദി റിയാൽ, ഈജിപ്ഷ്യന്‍ പൗണ്ട് അടക്കം കവര്‍ന്നത് നാലര ലക്ഷം

news image
Aug 22, 2024, 2:22 pm GMT+0000 payyolionline.in

കോഴിക്കോട്:  താമരശ്ശേരി കൈതപ്പൊയില്‍ നോളജ് സിറ്റിക്ക് സമീപം അടച്ചിട്ട വീട്ടില്‍ വന്‍ മോഷണം. കഴിഞ്ഞ ദിവസം രാത്രിയോടെ നടന്ന മോഷണത്തില്‍ സ്വര്‍ണവും വിദേശ കറന്‍സികളും ഉള്‍പ്പെടെ നാലര ലക്ഷത്തോളം രൂപ വില വരുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടതായി വീട്ടുടമസ്ഥന്‍ അറിയിച്ചു.

കൈതപ്പൊയില്‍ വേഞ്ചേരി ടികെ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബ സമേതം ഉംറ തീര്‍ത്ഥാടനത്തിന് പോയിരുന്നതിനാല്‍ കഴിഞ്ഞ അഞ്ച് ദിവസമായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു. മൊബൈല്‍ ഫോണിലൂടെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് ഗൃഹനാഥന്‍ മോഷണം നടന്ന കാര്യം അറിഞ്ഞത്.

ഉടന്‍ നാട്ടിലുള്ള ബന്ധുക്കളെയും മറ്റും അബ്ദുള്ള വിവരം അറിയിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും അബ്ദുള്ളയുടെ വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു. താമരശ്ശേരി സി ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മോഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വീട്ടിലും പരിസരങ്ങളിലും സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍ പലതും എടുത്തുമാറ്റുകയോ സ്ഥാനം മാറ്റുകയോ ചെയ്തിട്ടുണ്ട്.

വീടിന്റെ താഴത്തെ നിലയിലെ മുറികളിലെ അലമാരകളിലും കട്ടിലിലുമായി സൂക്ഷിച്ച ഒരു ലക്ഷം രൂപയും ഏഴായിരം സൗദി റിയാലും 25000 ഈജിപ്ഷ്യന്‍ പൗണ്ടും 200 യു എസ് ഡോളറും മൂന്ന് പവന്‍ സ്വര്‍ണ്ണവും ഒരു ഐ ഫോണും നഷ്ടമായതായി ഉടമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മോഷ്ടാവിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe