മംഗളൂരു: ഉഡുപ്പി നേത്ര ജ്യോതി പാരാമെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോൺ കാമറ വെച്ച് മൂന്ന് വിദ്യാർഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന കേസ് കുറ്റപത്രം കോർപ്സ് ഓഫ് ഡിറ്റക്ടീവ് (സി.ഒ.ഡി) ഡിവൈ.എസ്.പി അഞ്ജുമാല ഉഡുപ്പി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി ദീപക്ക് സമർപ്പിച്ചു.
സീനിയർ അസി. പബ്ലിക് പ്രോസിക്യൂട്ടർ എച്ച്.എം. നദഫിെൻറ സാന്നിധ്യത്തിലാണ് രണ്ട് ഭാഗങ്ങളായി റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞ ജൂൺ 18നാണ് പാരാമെഡിക്കൽ കോളജിൽ വിവാദ സംഭവം നടന്നത്. ഇരയായ വിദ്യാർഥിനി ഉഡുപ്പി ജില്ല കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകിയിരുന്നു. ഉഡുപ്പി പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണമാണ് സർക്കാർ കൈമാറിയതിനെത്തുടർന്ന് സി.ഒ.ഡിക്ക് നടത്തിയത്.
മൂന്ന് മുസ്ലിം വിദ്യാർഥിനികൾ ഹിന്ദു വിദ്യാർഥിനിയുടെ നഗ്നത ഒളികാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നായിരുന്നു കേസ്. ബി.ജെ.പിയും ഘടകങ്ങളും പ്രക്ഷോഭവുമായി രംഗത്തു വന്നിരുന്നു. ഒളികാമറ വെച്ചിട്ടില്ല എന്ന് കോളജ് സന്ദർശിച്ച് തെളിവെടുപ്പ് നടത്തുകയും ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ, ജില്ല പൊലീസ് സൂപ്രണ്ട് എന്നിവരുമായി ചർച്ച നടത്തുകയും ചെയ്ത ശേഷം ദേശീയ വനിത കമീഷൻ അംഗം ഖുശ്ബു സുന്ദർ പറഞ്ഞിരുന്നു.