മംഗളൂരു: ഉഡുപ്പി പാരാമെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോൺ കാമറ വെച്ച് സ്വകാര്യത പകർത്തി എന്ന കേസിൽ ഇരയായ വിദ്യാർഥിനി ഉഡുപ്പി ജില്ല കോടതിയിൽ ഹാജരായി രഹസ്യ മൊഴി നൽകി. ഉഡുപ്പി പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴി നൽകിയത്.
കഴിഞ്ഞ മാസം 18നാണ് ഒളികാമറ ആരോപണം ഉയർന്നത്. സംഭവത്തിൽ മൂന്ന് വിദ്യാർഥിനികളെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റചെയ്തിരുന്നു. എന്നാൽ ഈ സഹപാഠികൾക്ക് എതിരെ വിദ്യാർഥിനി പരാതി നൽകിട്ടില്ല.
മൂന്ന് മുസ്‌ലിം വിദ്യാർഥിനികൾ ഹിന്ദു വിദ്യാർഥിനിയുടെ നഗ്നത ഒളികാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയ ബി.ജെ.പിയും ഘടകങ്ങളും ഇപ്പോഴും പ്രക്ഷോഭത്തിലാണ്. ഒളികാമറ വെച്ചിട്ടില്ലെന്ന് ദേശീയ വനിത കമ്മീഷൻ അംഗവും ബി.ജെ.പി നേതാവും കൂടിയായ ഖുശ്ബു സുന്ദർ പറഞ്ഞത് മുഖവിലക്കെടുക്കാതെയാണ് പ്രചാരണം. സംഭവം എസ്.ഐ.ടി അന്വേഷിക്കുക, എൻ.ഐ.എക്ക് കൈമാറുക എന്നീ ആവശ്യങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്.