ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ 4 തീർഥാടകർ മരിച്ചു; ആകെ 41 ആയി

news image
Jul 12, 2023, 2:49 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ 3 ദിവസത്തിനുശേഷം മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയഭീഷണി തുടരുന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ പ്രളയവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 7 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 41 ആയി.

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ഗംഗോത്രി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ മധ്യപ്രദേശിൽ നിന്നുള്ള 4 തീർഥാടകർ കൊല്ലപ്പെട്ടു. 3 വാഹനങ്ങളും നശിച്ചു.

 

പഞ്ചാബിലും ഹരിയാനയിലും കാലാവസ്ഥ മെച്ചപ്പെട്ടു. എന്നാൽ ഹരിയാനയിലെ അംബാല-ലുധിയാന ദേശീയ പാത ഉൾപ്പെടെ നിരവധി പ്രധാന പാതകൾ ഇനിയും ഗതാഗത യോഗ്യമായിട്ടില്ല.

ഡൽഹിയിൽ യമുനാ തീരത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്ന് ഡൽഹി ജലമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.

ഉത്തരാഖണ്ഡിലെ ജുമ്മാഗഡ് നദിയിലെ പാലം പ്രളയത്തിൽ ഒഴുകിപ്പോയതോടെ ഒട്ടേറെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.

ഹിമാചൽപ്രദേശിൽ മുന്നൂറോളം സഞ്ചാരികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. 14,100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചന്ദേർത്താലിലെ ക്യാംപിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഹെലികോപ്റ്റർ അയയ്ക്കാനുള്ള ശ്രമം മഞ്ഞുവീഴ്ച മൂലം തടസ്സപ്പെട്ടു.

2,577 ട്രാൻസ്‌ഫോമറുകൾ തകരാറിലായതിനാൽ കുളുവിലും മാണ്ഡിയിലും   വൈദ്യുതിയും മൊബൈൽ ഫോണും നിലച്ചു.

ജൂൺ 24ന് മൺസൂൺ ആരംഭിച്ചതിനുശേഷം ഹിമാചലിൽ 780 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe