ഉത്തര്‍പ്രദേശില്‍ സൈനിക മിസൈല്‍ ഷെല്‍ പൊട്ടിത്തെറിച്ച് 11 വയസുകാരന് ദാരുണാന്ത്യം

news image
Dec 14, 2023, 4:31 am GMT+0000 payyolionline.in

ലക്നൗ: ഉത്തര്‍പ്രദേശില്‍ സൈനിക മിസൈൽ ഷെൽ പൊട്ടിത്തെറിച്ച് 11 കാരന്‌ ദാരുണാന്ത്യം. മിർസാപൂർ കോട്‌വാലി പ്രദേശത്തെ വാൻ ഗുർജാർ ക്യാമ്പിന് സമീപത്തെ വനമേഖലയിലായിരുന്നു സംഭവം. 11 വയസുകാരന്‍ താലിബാണ് മിസൈൽ ഷെൽ പൊട്ടിത്തെറിച്ച്‌  മരിച്ചത്. സബ്ഡിവിഷണല്‍ മജിസ്‍ട്രേറ്റ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പൊലീസ് സംഘവും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

ബുധനാഴ്ചയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. മിര്‍സാപൂര്‍ കോട്‍വാലി സ്വദേശിയായ അനീസിന്റെ മകന്‍ താലിബ് കാലികളെ മേയ്ക്കാനാണ് കാട്ടിലേക്ക് പോയത്. ഇതിനിടെ തൊട്ടടുത്തുള്ള ഫയറിങ് റേഞ്ചിന് സമീപം ഉപേക്ഷിക്കപ്പെട്ട ചില സാധനങ്ങള്‍ കുട്ടി കാണുകയും അവ പെറുക്കിയെടുക്കുകയുമായിരുന്നു. കിട്ടിയ സാധനങ്ങളില്‍ ചെമ്പ് കമ്പികള്‍ കണ്ടതോടെ അത് ഇളക്കിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയറിങ് റെഞ്ചിലെ മിസൈല്‍ ഷെല്‍ പൊട്ടിത്തെറിച്ച് ദാരുണമായ അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അതേസമയം ഇത്തരത്തിലുള്ള സംഭവം പ്രദേശത്ത് ആദ്യമായല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിഷയം ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നും ആഴത്തിലുള്ള അന്വേൽണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe