തൃശൂർ: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ സന്ദർശനത്തിന് എത്തുന്നതിനാൽ ജൂലൈ ഏഴ് തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും മറ്റ് ചടങ്ങുകൾക്കും നിയന്ത്രണം. രാഷ്ട്രപതി ദർശനത്തിന് എത്തുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ക്ഷേത്രത്തിൽ നിയന്ത്രണം ഉണ്ടാകുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.ജൂലൈ ഏഴാം തീയതി തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ പത്തുമണിവരെ നിയന്ത്രണമേർപ്പെടുത്തും. ഈ സമയം വിവാഹം, ചോറൂൺ ചടങ്ങ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകും. വിവാഹം, ചോറൂൺ ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് മുൻപോ പത്ത് മണിക്ക് ശേഷമോ നടത്തേണ്ടതാണെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. തിരക്ക് ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വിവാഹ ചടങ്ങുകൾക്കായി കൂടുതൽ വിവാഹ മണ്ഡപങ്ങൾ ഏർപ്പെടുത്തും.
പ്രാദേശിക, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ ആറ് മണിക്ക് അവസാനിക്കും. ക്ഷേത്ര ഇന്നർ റിങ് റോഡുകളിൽ തിങ്കളാഴ്ച രാവിലെ മുതൽ വാഹന പാർക്കിങ് അനുവദിക്കില്ല. ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ സന്ദർശനം കഴിയുന്നതുവരെ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകളും വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ പാടില്ല.
ഉപരാരഷ്ട്രപതി എത്തുന്നതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ തിങ്കളാഴ്ച ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോളും നിർദേശങ്ങളോടും ഭക്തജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒബി അരുൺകുമാർ എന്നിവർ അഭ്യർഥിച്ചു. ഉപരാരഷ്ട്രപതി എത്തുന്നതിനാൽ ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും പോലീസ് നിരീക്ഷണം ശക്തമാക്കും. പോലീസിൻ്റെ ഭാഗത്ത് നിന്നും കർശന നിയന്ത്രണങ്ങളും നിർദേശങ്ങളും ഈ ദിവസം ഉണ്ടാകും.
വിഐപി ദർശനം നടക്കുന്ന ദിവസങ്ങളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങളും നിർദേശങ്ങളും ഏർപ്പെടുത്തുന്നത് പതിവാണ്. ഭക്തജനങ്ങളെ കാര്യമായി ബാധിക്കാത്ത തരത്തിലാകും ഏതാനം മണിക്കൂറുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവർ എത്തുമ്പോൾ പോലീസ് നൽകുന്ന നിർദേശങ്ങളും നടപ്പിലാക്കും.
ദിവസവും ആയിരക്കണക്കിന് ഭക്തർ എത്തുന്ന ക്ഷേത്രമാണ് ഗുരുവായൂർ. വിവാഹം, ചോറൂൺ ചടങ്ങ് എന്നിവയും നടക്കുന്നുണ്ട്. നിരവധി വിവാഹ – ചോറൂൺ ചടങ്ങുകൾ നടത്തുന്നതിനാൽ ക്ഷേത്രവും പരിസരത്തും തിരക്ക് ഉയർന്ന തോതിലാണ്. തിങ്കളാഴ്ച ദിവസം കൂടുതൽ വിവാഹ ചടങ്ങുകൾ നടക്കാറുണ്ട്. ഇതിനാൽ തന്നെ തിരക്ക് കൂടുന്നത് സ്വാഭാവികമാണ്.