ഉമ്മന്‍ചാണ്ടിയുടെ പേര് പറയാൻ ഉദ്ദേശിച്ചിരുന്നു; സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് ശശി തരൂർ

news image
May 3, 2025, 5:52 am GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ഉമ്മന്‍ചാണ്ടിയുടെ പേര് പറയാൻ ഉദ്ദേശിച്ചിരുന്നതായും എന്നാൽ സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചതായും ശശി തരൂര്‍ പറഞ്ഞു.

ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പരാമര്‍ശിച്ചില്ലെന്നും ഇതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. കേരളം ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ടത് ഉമ്മന്‍ചാണ്ടിയാണെന്നും കുറിപ്പില്‍ പറയുന്നു.

‘വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷന്‍ ചെയ്ത ഈ ദിവസത്തില്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ, യഥാര്‍ത്ഥ കമ്മീഷനിംഗ് കരാറില്‍ ഒപ്പുവെച്ച്, ഇന്ന് നമ്മള്‍ ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ട, അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഔദ്യോഗിക പ്രഭാഷകരില്‍ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജിക്കുന്നു – അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ച് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്ന എനിക്കാണെങ്കില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതുമില്ല’, തരൂര്‍ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

വെള്ളിയാഴ്ചയായിരുന്നു വിഴിഞ്ഞം തുറമുഖം രാജ്യത്തിന് പ്രധാനമന്ത്രി സമര്‍പ്പിച്ചത്. ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ നാള്‍വഴിയെക്കുറിച്ച് വിവരിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ അനുമതിയടക്കം വാങ്ങുകയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ പോസ്റ്റ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe