പുതുപ്പള്ളി ∙ ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കരികിൽ പുതുപ്പള്ളിയിലെ ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസിന്റെ വിജയത്തിനുവേണ്ടി അപേക്ഷിച്ചുകൊണ്ടുള്ള കുറിപ്പ് കണ്ടതു വിവാദമായി. കല്ലറയെ അപമാനിച്ചെന്ന പരാതിയുമായി കോൺഗ്രസ് രംഗത്തെത്തി.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ സമീപം കുറിപ്പുകളും കവിതകളും ചിത്രങ്ങളും വച്ചിരിക്കുന്ന ക്യാൻവാസിൽ ഇന്നലെ ഉച്ചയോടെയാണു വിവാദക്കുറിപ്പ് കണ്ടെത്തിയത്.
‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ… വി.ചാണ്ടി സാറേ… സ. ജെയ്ക്കിന്റെ വിജയത്തിനു വേണ്ടി പ്രാർഥിക്കണമേ’ എന്നാണു കുറിപ്പ്. എഴുതിയ ആളുടെ പേരു വച്ചിട്ടില്ല.
സിപിഎമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന ഒരു ഫെയ്സ്ബുക് പ്രൊഫൈലിൽ ഇതിന്റെ ചിത്രം സഹിതം ‘പുണ്യാളൻ ഒറിജിനലാണോ എന്ന് എട്ടാം തീയതി അറിയാം’ എന്ന പരിഹാസക്കുറിപ്പു സഹിതം പോസ്റ്റ് വന്നതോടെയാണു കുറിപ്പ് ശ്രദ്ധയിൽ വരുന്നത്.
ഉമ്മൻ ചാണ്ടിയുടെ കല്ലറയെ ഇടതുപക്ഷം അപമാനിച്ചെന്നു കോൺഗ്രസ് ആരോപിച്ചു. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും വേട്ടയാടി. ഈ കുറിപ്പു വച്ചതിനു ശേഷം സമൂഹമാധ്യമങ്ങൾ വഴി കല്ലറയെ അപമാനിക്കാൻ മനഃപൂർവം ശ്രമം നടത്തിയതായും കോൺഗ്രസ് നേതൃത്വം ആരോപിച്ചു.