ഉമ തോമസിനുണ്ടായ അപകടം: പൊലീസ് കേസെടുത്തു

news image
Dec 30, 2024, 3:00 am GMT+0000 payyolionline.in

കൊച്ചി> കൊച്ചി സ്റ്റേഡിയത്തില്‍ നിര്‍മിച്ച ഗ്യാലറിയില്‍ നിന്നും വീണ് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെുത്തു
ഇന്നലെ കൊച്ചി സ്റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരെയാണ് പൊലീസ് നടപടി.

സ്റ്റേജ് നിര്‍മ്മാണത്തിലെ അപാകതയ്‌ക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണാണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ലോക റെക്കോര്‍ഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 നര്‍ത്തകര്‍ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം.ഗ്യാലറിയുടെ മുകളില്‍ നിന്നും 20 അടിയോളം താഴെയ്ക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്.

കോണ്‍ക്രീറ്റില്‍ തലയടിച്ചാണ് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം, എംഎല്‍എയുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വന്നിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്ന അവരുടെ ജിസിഎസ് സ്‌കോര്‍ 8 ആയിരുന്നെന്ന് ബുള്ളറ്റിനില്‍ പറയുന്നു. നിലവില്‍ രോഗി തീവ്ര പരിചരണവിഭാഗത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സക്കും വിധേയയായിക്കൊണ്ടിരിക്കുകയാണ്. തലയുടെ പരിക്ക് ഗുരുതരമാണെങ്കില്‍കൂടി അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാല്‍ ജോണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോള്‍, ഗ്യാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe