ഉറി ഡാം ഇന്ത്യ തുറന്നുവിട്ടു? പാക്ക് അധീന കശ്മീരിൽ വെള്ളപ്പൊക്കം, വ്യാപക കൃഷി നാശം ; വിമർശിച്ച് പാക്കിസ്ഥാൻ

news image
Apr 27, 2025, 3:30 am GMT+0000 payyolionline.in

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പില്ലാതെ ഇന്ത്യ ഉറി അണക്കെട്ട് തുറന്നുവിട്ടെന്ന് സൂചന. ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് പാക്ക് അധീന കശ്‌മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. നദീ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിനു പിന്നാലെയുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഡാം തുറന്നുവിട്ടതായി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

 

 

പതിവായി തുറന്നു വിടുന്ന അളവിലുള്ള വെള്ളം മാത്രമേ ഇന്ത്യ തുറന്നു വിട്ടിട്ടുള്ളുവെന്നും ജമ്മു കശ്‌മീരിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് ജലനിരപ്പ് ഉയർന്നതെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പലയിടത്തും വ്യാപക കൃഷിനാശം ഉണ്ടാവുകയും കന്നുകാലികളടക്കം ഒലിച്ചുപോകുകയും ചെയ്‌തിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനു പിന്നാലെ പാക്ക് അധീന കശ്‌മീർ തലസ്‌ഥാനമായ മുസാഫർബാദിലും ചക്കോട്ടിയിലും ഉച്ചഭാഷിണികൾ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് നൽകിയിരുന്നു.

 

 

സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യ അണക്കെട്ട് തുറന്ന് വിട്ടേക്കുമെന്ന ആശങ്ക പാക്കിസ്ഥാനുണ്ടായിരുന്നു. രാജ്യാന്തര മാനദണ്ഡങ്ങളുടെയും സിന്ധു നദീജല ഉടമ്പടിയുടെയും ലംഘനമാണ് ഇന്ത്യയുടെ നടപടിയെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. പഹൽഗാമിൽ 26 വിനോദ സഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു സഹായം ലഭിച്ചത് പാക്കിസ്ഥാനിൽ നിന്നാണെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe