ഒട്ടുമിക്ക വീടുകളിലും ഉറുമ്പ് ശല്യം കാണപ്പെടാറുണ്ട്. ചില ഉറുമ്പുകൾ കടിക്കുന്നവയാണെങ്കിൽ മറ്റ് ചിലത് ഉപദ്രവകാരികളല്ല. എന്തൊക്കെ തന്നെയാണെങ്കിലും ഭക്ഷണ പദാർത്ഥങ്ങളിലും, തുണി വയ്ക്കുന്നിടത്തുമൊക്കെ ഇവയെ കൂട്ടത്തോടെ കാണപ്പെടാറുണ്ട്. പല വഴികൾ ഉപയോഗിച്ച് ഒട്ടുമിക്ക ആളുകളും ഇവയെ തുരത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും മുഴുവനായും ഇവയുടെ ശല്യം തുരത്താൻ സാധിച്ചിട്ടില്ല.
കുട്ടികൾ ഉള്ള വീടുകളിൽ ഉറുമ്പിന്റെ ശല്യം രൂക്ഷമാണ്. മാത്രമല്ല ഇരിപ്പിടങ്ങളും ഇവ കീഴടക്കാറുണ്ട്. ചുമരുകളും മറ്റും തുരന്ന് ദ്വാരങ്ങളുണ്ടാക്കാറുമുണ്ട്.
ശല്യം ഒഴിവാക്കാൻ, ഈ മാർഗങ്ങൾ പരീക്ഷിക്കാം:
നാരങ്ങ, ഓറഞ്ച് എന്നിവയുടെ തൊലി ഉറുമ്പ് ശല്യമുള്ള ഇടങ്ങളിൽ വയ്ക്കുന്നത് ഇവയെ തുരത്താൻ സഹായിക്കും.
ഉറുമ്പുള്ള സ്ഥലങ്ങളിൽ ഉപ്പ് വിതറുന്നതും ഇവയുടെ ശല്യം അകറ്റാൻ സഹായകരമാണ്.
ഓറഞ്ച് തൊലി ചെറു ചൂടുവെള്ളത്തിൽ ചേർത്തരച്ചതിന് ശേഷം കുഴമ്പ് രൂപത്തിൽ ഉറുമ്പ് ശല്യമുള്ളയിടങ്ങളിൽ തേച്ചുകൊടുക്കുന്നത് നല്ലതാണ്.
ഉറുമ്പ് ശല്യമുള്ളയിടങ്ങളിൽ ചോക്കുപൊടി വിതറുന്നതും നല്ലതാണ്. ചോക്കിലുള്ള കാത്സ്യം കാർബണേറ്റ് ഉറുമ്പിനെ പ്രതിരോധിക്കും.
തിളപ്പിച്ച വെള്ളത്തിൽ വലിയ അളവിൽ ഉപ്പ് ചേർത്തതിനുശേഷം ഉറുമ്പ് ശല്യമുള്ളയിടങ്ങളിൽ സ്പ്രേ ചെയ്തുകൊടുക്കാം.
ഗ്ളാസ് ക്ളീനറും ഡിഷ് വാഷ് ലിക്വിഡും യോജിപ്പിച്ച് ഉറുമ്പ് ശല്യമുള്ളയിടങ്ങളിൽ സ്പ്രേ ചെയ്യുന്നത് ഒരു പരിധിവരെ ഉറുമ്പുകളെ തുരത്താം.